ബഹുജന രോഷമുയരുന്നു; കൂടുതൽ സൈനികരെ പ്രളയ മേഖലയിലേക്ക് അയച്ച് സ്പെയ്ൻ ഭരണകൂടം
text_fieldsപൈപോർട്ട: പതിറ്റാണ്ടുകൾക്കിടെ രാജ്യം കണ്ട ഏറ്റവും വലിയ പ്രളയത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ ജനരോഷത്തിനിരയായി സ്പാനിഷ് സർക്കാർ. ഇതെത്തുടർന്ന് മൃതദേഹങ്ങൾ കണ്ടെത്തുന്നതിനും അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനുമുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനായി 2,500 സൈനികരെ കൂടി വെള്ളപ്പൊക്കം ബാധിച്ച കിഴക്കൻ സ്‌പെയിനിലേക്കയച്ചു. 217 പേരുടെയെങ്കിലും മരണത്തിനിടയാക്കിയ ദുരന്തത്തിൽ പൊതുജന രോഷം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഭൂരിഭാഗം മരണങ്ങളും വലൻസിയ മേഖലയിലും 60 ലധികം പൈപോർട്ടയുടെ പ്രാന്തപ്രദേശത്തുമാണ് സംഭവിച്ചത്.
ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നതിനും തെരുവുകൾ വൃത്തിയാക്കുന്നതിനും കൊള്ളസംഘങ്ങൾക്കെതിരെ കാവൽ നിൽക്കുന്നതിനുമായി സർക്കാർ നേരത്തെ 5,000 സൈനികരെ അയച്ചിരുന്നു. ഇതിനു പുറമെ 2,500 പേർ അവരോടൊപ്പം ചേരുമെന്ന് പ്രതിരോധ മന്ത്രി മാർഗരിറ്റ റോബിൾസ് ദേശീയ മാധ്യമത്തോടു പറഞ്ഞു. 104 നാവിക സൈനികരുമായി ഒരു യുദ്ധക്കപ്പലും ഭക്ഷണവും വെള്ളവുമായി ട്രക്കുകളും വലൻസിയ തുറമുഖത്ത് എത്തിയതായും പറയുന്നു. ഇവിടെ ശക്തമായ ആലിപ്പഴ വർഷം ഉള്ളതായും റിപ്പോർട്ടുകൾ ഉണ്ട്.
ഭാഗികമായി വെള്ളം കയറിയ ബാഴ്‌സലോണയിലെ എൽപ്രാറ്റ് വിമാനത്താവളത്തിൽ നിന്ന് പറന്നുയരേണ്ടിയിരുന്ന 50ഓളം വിമാനങ്ങൾ റദ്ദാക്കുകയോ ഗുരുതരമായി വൈകുകയോ ചെയ്തതായും 17 വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായും എയർപോർട്ട് ഓപ്പറേറ്റർ പറഞ്ഞു. ചില ലോക്കൽ ട്രെയിൻ സർവിസുകളും റദ്ദാക്കി. ഭൂഗർഭ കാർപാർക്കുകളും ഗാരേജുകളും വൃത്തിയാക്കാനും തിരച്ചിലിനും രക്ഷാപ്രവർത്തകർ ഡ്രോണുകളും വാട്ടർ പമ്പുകളും ഉപയോഗിച്ചു. മൃതദേഹങ്ങൾ അടിഞ്ഞേക്കാവുന്ന നദീമുഖങ്ങളും അവർ പരിശോധിച്ചു.
മുന്നറിയിപ്പ് നൽകുന്നതിലും രക്ഷാപ്രവർത്തകരെ അയക്കുന്നതിലും സർക്കാർ വളരെ സാവധാനത്തിലാണ് പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷ രാഷ്ട്രീയക്കാർ ആരോപിച്ചു. സ്‌പെയിനിലെ പ്രാദേശിക സർക്കാറുകളുടെ ഉത്തരവാദിത്തമായ വെള്ളപ്പൊക്ക അപകട മുന്നറിയിപ്പുകൾ നൽകുന്നില്ലെന്നാണ് പ്രധാന ആരോപണം.
വലെൻസിയ, അൻഡലൂഷ്യ, കാസ്റ്റിൽ ലാ മഞ്ച, കാറ്റലോണിയ എന്നീ പ്രദേശങ്ങളെയാണ് പ്രളയം ഗുരുതരമായി ബാധിച്ചത്. ഇവക്ക് അടിയന്തര ഫണ്ടുകൾക്ക് അർഹതയുണ്ടെന്നും ദുരിതാശ്വാസ നടപടികളുടെ പാക്കേജിന് സർക്കാർ ചൊവ്വാഴ്ച അംഗീകാരം നൽകുമെന്നും സ്പാനിഷ് മന്ത്രി ഫെലിക്സ് ബൊലാനോസ് പറഞ്ഞു. പ്രധാന അടിസ്ഥാന സൗകര്യങ്ങൾ പുനഃർനിർമിക്കുന്നതിനുള്ള ഫണ്ടുകൾ ഉൾപ്പെടെ ഏകദേശം 31,400 കോടി യൂറോയുടെ പാക്കേജിന് കേന്ദ്ര സർക്കാറിനോട് അഭ്യർത്ഥിക്കുമെന്ന് കൺസർവേറ്റിവ് പീപ്പിൾസ് പാർട്ടിയുടെ മാസോൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.