സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നിയമനത്തിന് പ്രത്യേക കമീഷൻ; ബിൽ പാസാക്കി പാകിസ്താൻ
text_fieldsഇസ്‍ലാമാബാദ്: രാജ്യത്തെ സ്വതന്ത്ര നീതിന്യായ സംവിധാനത്തിന്റെ അധികാരം വെട്ടിക്കുറക്കാനുള്ള നീക്കമാണെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെ ഭരണഘടന ഭേദഗതി ബില്ലിന് അംഗീകാരം നൽകി പാകിസ്താൻ പാർലമെന്റ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ സേവന കാലാവധി മൂന്നു വർഷമായി പരിമിതപ്പെടുത്തുകയും ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതിന് പ്രത്യേക കമീഷൻ രൂപവത്കരിക്കുന്നതടക്കമുള്ള ഭേദഗതികളാണ് പാസാക്കിയത്.
പാർലമെന്റിന്റെ ഇരു സഭകളിലും പാസായ 26ാമത് ഭരണഘടന ബില്ലിന് പ്രസിഡന്റ് ആസിഫ് അലി സർദാരി അംഗീകാരം നൽകി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിരമിച്ച ശേഷം ഏറ്റവും മുതിർന്ന ജഡ്ജി ആ സ്ഥാനത്തേക്ക് വരുന്ന നിലവിലെ രീതി ഭേദഗതിയോടെ ഇല്ലാതായി. ഇതോടെ ഒക്ടോബർ 25ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് ഖാദി ഫായിസ് ഈസയുടെ പിൻഗാമിയായി ജസ്റ്റിസ് മൻസൂർ അലി ഷാ വരുന്നത് തടയാൻ സർക്കാറിന് കഴിയും.
പാർലമെന്റിന്റെ ഉപരിസഭയായ സെനറ്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബിൽ പാസായത്. അധോസഭയായ നാഷനൽ അസംബ്ലിയിൽ 336 അംഗങ്ങളിൽ 225 പേരുടെ വോട്ട് ലഭിച്ചു. അതേസമയം, ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ പാകിസ്താൻ തഹ് രീകെ ഇൻസാഫ് പാർട്ടിയും (പി.ടി.ഐ) സുന്നി ഇത്തിഹാദ് കൗൺസിലും നാഷനൽ അസംബ്ലിയിൽ ബില്ലിനെ എതിർത്തു.
പി.ടി.ഐ പിന്തുണയുള്ള ആറ് സ്വതന്ത്ര അംഗങ്ങൾ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. നിയമമന്ത്രി അസം നസീർ തരാറാണ് സെനറ്റിൽ ബിൽ അവതരിപ്പിച്ചത്. നീതി നിർവഹണം വേഗത്തിലാക്കാൻ ഭേദഗതി സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യത്തിന്മേലുള്ള മരണപ്രഹരമാണ് ഭേദഗതിയെന്ന് പി.ടി.ഐ നേതാവ് അഹ്മദ് അസ്ഹർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.