ഇബ്രാഹിം റഈസിയുടെ ഹെലികോപ്റ്റർ തകർന്നതിന് കാരണം കനത്ത മൂടൽമഞ്ഞ്; അന്തിമ അന്വേഷണ റിപ്പോർട്ടുമായി ഇറാൻ
text_fieldsതെഹ്‌റാൻ: പ്രസിഡന്‍റായിരുന്ന ഇബ്രാഹിം റഈസിയുടെയും സംഘത്തിന്റെയും മരണത്തിനിടയാക്കിയ ഹെലികോപ്ടർ അപകടത്തെ കുറിച്ചുള്ള അന്തിമ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് ഇറാൻ ഭരണകൂടം. സങ്കീർണമായ കാലാവസ്ഥയാണ് ഹെലികോപ്ടർ അപകടത്തിന്റെ പ്രാഥമിക കാരണമായി ഇറാൻ സൈന്യം ചുമതലപ്പെടുത്തിയ ഉന്നതസമിതി ചൂണ്ടിക്കാട്ടുന്നത്.
അസർബൈജാൻ അതിർത്തി മേഖലക്കടുത്തുള്ള പർവതപ്രദേശത്തെ കനത്ത മൂടൽമഞ്ഞ് ആണ് അപകടത്തിലേക്ക് നയിച്ചത്. വസന്തകാലത്തെ സങ്കീർണമായ കാലാവസ്ഥയും അന്തരീക്ഷവും കാരണം ഹെലികോപ്റ്റർ പർവതത്തിൽ ഇടിച്ചിറങ്ങുകയായിരുന്നു. കനത്ത മഞ്ഞിന്‍റെ പെട്ടെന്നുള്ള വരവ് മേഖലയിലെ ഹെലികോപ്റ്ററിന്‍റെ യാത്രക്ക് തടസമായെന്നും ഉന്നത സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഹെലികോപ്റ്റർ അപകടത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണം സൈന്യം ആദ്യം തന്നെ തള്ളിയിരുന്നു. കൂടാതെ, സുരക്ഷാമാനദണ്ഡങ്ങൾ ലംഘിച്ച് അധികയാത്രക്കാരുമായി അമിതഭാരം വഹിച്ച് ഹെലികോപ്റ്റർ സഞ്ചരിച്ചത് അപകടത്തിന് വഴിവെച്ചെന്ന് ആഗസ്റ്റിൽ ഫാർസ് വാർത്താ ഏജൻസി ആരോപിച്ചിരുന്നു. എന്നാൽ, ആരോപണം ഇറാൻ സായുധസേന അന്നേ തള്ളിയിരുന്നു.
മേയ് 12ന് ഇറാന്‍റെ കിഴക്കൻ അസർബൈജാൻ അതിർത്തി മേഖലയിലുണ്ടായ ഹെലികോപ്ടർ അപകടത്തിലാണ് പ്രസിഡന്‍റ് ഇബ്രാഹീം റഈസിയും വിദേശകാര്യ മന്ത്രി അമീർ അബ്ദുല്ലഹിയാനും പ്രവിശ്യ ഗവർണർ ഉൾപ്പെടെ ഒമ്പതുപേർ കൊല്ലപ്പെട്ടത്. അപകടത്തിൽ ഇറാൻ പ്രസിഡന്‍റിനും വിദേശകാര്യ മന്ത്രിക്കും പുറമേ ഇറാന്റെ കിഴക്കൻ അസർബൈജാൻ പ്രവിശ്യ ഗവർണർ മാലിക് റഹ്മതി, പരമോന്നത നേതാവിന്റെ കിഴക്കൻ അസർബൈജാൻ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി അൽ ഹാശിം, പ്രസിഡന്റിന്റെ സുരക്ഷാ സംഘത്തലവൻ സർദാർ സയ്യിദ് മെഹ്ദി മൂസവി, ഹെലികോപ്ടർ പൈലറ്റ് കേണൽ സയ്യിദ് താഹിർ മുസ്തഫവി, കോ പൈലറ്റ് കേണൽ മുഹ്സിൻ ദരിയാനുഷ്, ഫ്ലൈറ്റ് ടെക്നീഷ്യൻ മേജർ ബെഹ്റൂസ് ഗാദിമി എന്നിവരും കൊല്ലപ്പെട്ടു.
ഇറാൻ- അസർബൈജാൻ സംയുക്ത സംരംഭമായ ഖിസ് ഖലാസി അണക്കെട്ട് ഉദ്ഘാടനം കഴിഞ്ഞ് മുതിർന്ന നേതാക്കൾക്കൊപ്പം തബ്രീസിലേക്ക് പുറപ്പെട്ട ഹെലികോപ്ടർ ജുൽഫയിലെ വനമേഖലയിൽ ഇടിച്ചിറക്കുകയായിരുന്നു. അറാസ് നദിക്ക് കുറുകെയുള്ള അണക്കെട്ട് അസർബൈജാൻ പ്രസിഡന്‍റ് ഇൽഹാം അലിയേവിനൊപ്പമാണ് ഉദ്ഘാടനം നിർവഹിച്ചത്. തിരികെ വരുംവഴിയാണ് അപകടം. മൂന്ന് ഹെലികോപ്ടറുകളിലായാണ് റഈസിയും സംഘവും പുറപ്പെട്ടത്. മറ്റു രണ്ട് ഹെലികോപ്ടറുകൾ സുരക്ഷിതമായി തിരിച്ചെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.