യുവതിക്കെതിരെ ലൈംഗികാതിക്രമം: ‘സ്‌ക്വിഡ് ഗെയിം’ താരത്തിന് തടവ് ശിക്ഷ വിധിച്ച് കോടതി
text_fieldsയുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കുറ്റാരോപിതനായ കൊറിയൻ നടൻ ഓ യൂങ് സൂ-വിന് തടവ് ശിക്ഷ വിധിച്ച് പ്രാദേശിക കോടതി. ‘സ്‌ക്വിഡ് ഗെയിം’ എന്ന സൂപ്പർഹിറ്റ് നെറ്റ്ഫ്ലിക്സ് പരമ്പരയിലെ പ്രധാന താരമായ ഓ യൂങ് സൂ-വിന് ഇതേ സീരീസിലെ അഭിനയത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ലഭിച്ചിരുന്നു.
2017-ലായിരുന്നു സംഭവം നടന്നത്. യുവതിയെ മോശമായി സ്പർശിച്ചെന്നായിരുന്നു നടനെതിരായ പരാതി. പരാതി ശരിവെച്ച കോടതി എട്ടുമാസം തടവും 40 മണിക്കൂർ ബോധവത്കരണ ക്ലാസുമാണ് ശിക്ഷയായി വിധിച്ചത്.
78-കാരനായ സൂവിനെതിരെ 2021 ഡിസംബറിലായിരുന്നു യുവതി പരാതിയുമായി എത്തിയത്. എന്നാൽ നടനെതിരെ നടപടിയൊന്നുമെടുക്കാതെ പോലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് 2022 ഏപ്രിൽ മാസത്തിൽ യുവതി വീണ്ടും പരാതിയുമായി എത്തിയതോടെ കേസ് പുനരന്വേഷിക്കുകയായിരുന്നു. അതോടെ സൂവിനെതിരെ തെളിവ് ലഭിക്കുകയും യുവതി പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് കോടതിക്ക് ബോധ്യപ്പെടുകയുമായിരുന്നു.
50 വർഷത്തോളമായി അഭിനയരംഗത്തുള്ള ഓ യൂങ് സൂ സ്ക്വിഡ് ഗെയിം സീരീസിലൂടെയായിരുന്നു ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്. കുറ്റാരോപിതനായതിനുപിന്നാലെ സൂ അഭിനയിച്ച സർക്കാർ പരസ്യചിത്രം കൊറിയൻ സാംസ്കാരിക മന്ത്രാലയം പിൻവലിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.