ശ്രീലങ്ക: പ്രക്ഷോഭകർ കണ്ടെടുത്ത 1.78 കോടി ഹാജരാക്കാൻ കോടതി ഉത്തരവ്
text_fieldsകൊളംബോ: ഗോടബയ രാജപക്‌സ ഭരണത്തിനെതിരായ പ്രതിഷേധത്തെ തുടർന്ന് പ്രസിഡൻറ് ഹൗസിൽ ഇരച്ചുകയറിയ സർക്കാർവിരുദ്ധ പ്രക്ഷോഭകർ അവിടെനിന്ന് കണ്ടെടുത്ത 1.78 കോടി രൂപ ഉടൻ ഹാജരാക്കാൻ ശ്രീലങ്കൻ കോടതി വ്യാഴാഴ്ച പൊലീസിനോട് ആവശ്യപ്പെട്ടു. ജൂലൈ ഒമ്പതിന് അരങ്ങേറിയ പ്രക്ഷോഭത്തിനിടെ പ്രസിഡന്റ് ഹൗസിൽനിന്ന് പണമെടുത്ത പ്രതിഷേധക്കാർ തുക പൊലീസിന് കൈമാറുകയായിരുന്നു. തുക ലഭിച്ചതായി പൊലീസ് കോടതിയെ അറിയിച്ചതിനെത്തുടർന്ന് ഫോർട്ട് മജിസ്‌ട്രേറ്റ് തുക കോടതിയിൽ ഹാജരാക്കാൻ ഫോർട്ട് പൊലീസ് ഓഫിസറോട് ഉത്തരവിടുകയായിരുന്നു.
തുക പൊലീസിന് കൈമാറി മൂന്നാഴ്ച പിന്നിട്ടിട്ടും ഇതുസംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാത്തതിനെ തുടർന്നാണ് ഉത്തരവെന്ന് ഫോർട്ട് മജിസ്‌ട്രേറ്റ് തിലിന ഗമഗെയെ ഉദ്ധരിച്ച് ഡെയ്‌ലി മിറർ പത്രം റിപ്പോർട്ട് ചെയ്തു. പണത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ഗാമഗെ പൊലീസിനോട് നിർദേശിച്ചു.
അതിനിടെ, ജൂലൈ ഒമ്പതിന് പ്രസിഡന്റ് ഹൗസിൽ അനധികൃതമായി പ്രവേശിച്ചതിന് അറസ്റ്റിലായ നാലുപേരെ ജാമ്യത്തിൽ വിട്ടു. കറൻസി നോട്ടുകൾ എണ്ണുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
അതേസമയം, രൂക്ഷമായ ഇന്ധനക്ഷാമം അവസാനിപ്പിച്ച് രാജ്യത്തിന്റെ തകർന്ന സമ്പദ്‌വ്യവസ്ഥയെ കരകയറ്റുകയാണ് സർക്കാറിന്റെ പ്രധാന ലക്ഷ്യമെന്ന് ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ ബുധനാഴ്ച പാർട്ടി ആസ്ഥാനത്ത് നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യവെ പറഞ്ഞു. സർക്കാർ സമാധാനപരമായ പ്രതിഷേധത്തിന് എതിരല്ലെന്നും നിയമം ലംഘിച്ചില്ലെങ്കിൽ എല്ലാ സമയത്തും പ്രതിഷേധം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം കടുത്ത പ്രതിസന്ധിയിലായ സമയത്താണ് താൻ പ്രസിഡന്റായത്. നമ്മൾ സമ്പദ്‌വ്യവസ്ഥയെ ശരിയായ വഴിയിലേക്ക് കൊണ്ടുവരണം. ഇന്ധനത്തിനായുള്ള വരികളുടെ നീളം കുറച്ച് പൂർണമായും ഒഴിവാക്കുകയാണ് ആദ്യ നടപടി. ജൂൺ 27 മുതൽ സർക്കാർ ഇന്ധന വിതരണം അവശ്യസേവനങ്ങൾക്കു മാത്രമാക്കിയിരിക്കുകയാണ്. വിദേശനാണ്യത്തിന്റെ കടുത്ത ക്ഷാമം നേരിടുന്നതിനാൽ അടുത്ത 12 മാസത്തേക്ക് ഇന്ധന ഇറക്കുമതി നിയന്ത്രിക്കുമെന്ന് വൈദ്യുതി-ഊർജ മന്ത്രി കാഞ്ചന വിജേശേഖര കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
ഫെബ്രുവരി വരെ ഇന്ധന ഇറക്കുമതിക്കായി ഇന്ത്യയുടെ സഹായമായിരുന്നു ആശ്രയം. എന്നാൽ, ഇന്ത്യൻ ക്രെഡിറ്റ് ലൈനിന് കീഴിലുള്ള അവസാന ഇന്ധന കയറ്റുമതി ജൂൺ 16ന് എത്തി. ഏപ്രിലിൽ നടപടികൾ ആരംഭിച്ചെങ്കിലും കരാറിലെത്താനാവാത്തതിനാൽ അന്താരാഷ്ട്ര നാണ്യ നിധിയുടെ സഹായം വൈകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.