ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പിന്‍വലിച്ചു
text_fieldsകൊളംബോ: സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ ശക്തമായതിനെ തുടർന്ന് ശ്രീലങ്കയിൽ ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ സർക്കാർ പിന്‍വലിച്ചു. ഒരു മാസത്തിനിടെ രണ്ട് തവണയാണ് പ്രസിഡന്‍റ് ഗോടബയ രാജപക്‌സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
രാജ്യത്ത് ക്രമസമാധാനനില മെച്ചപ്പെട്ട സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ പിന്‍വലിച്ചതെന്ന് പ്രസിഡൻഷ്യൽ സെക്രട്ടറിയേറ്റ് അറിയിച്ചതായി ഹിരു ന്യൂസ് റിപ്പോർട്ട് ചെയ്തു. ജനങ്ങളെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്യാനും തടവിൽ വെക്കാനും പൊലീസിനും സുരക്ഷാസേനക്കും അധികാരം നൽകുന്ന അടിയന്തരാവസ്ഥക്കെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. സർക്കാറിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
1948ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് നിലവിൽ ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. നാണയപ്പെരുപ്പ നിരക്ക് 40 ശതമാനത്തിലേക്ക് കുതിച്ചുയരുകയാണ്. കുടാതെ മണിക്കൂറുകൾ നീളുന്ന പവർകെട്ടും ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയുടെ ദൗർലഭ്യവും പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.