ഇറക്കുമതിക്ക് വിദേശനാണ്യമില്ല; ശ്രീലങ്കയിൽ ഭക്ഷ്യ അടിയന്തരാവസ്ഥ
text_fieldsകൊളംബോ: സ്വകാര്യ ബാങ്കുകളിൽ വിദേശനാണ്യ കരുതൽശേഖരം കുറഞ്ഞതോടെ ഭക്ഷ്യ ഇറക്കുമതി നിലച്ച ശ്രീലങ്കയിൽ ഭക്ഷ്യ അടിയന്തരാവസ്ഥ. കടുത്ത സാമ്പത്തികപ്രതിസന്ധിയിൽ ഉഴലുന്ന രാജ്യത്ത് ജനജീവിതം ദുസ്സഹമാക്കിയാണ് അടിയന്തരാവസ്ഥ എത്തുന്നത്. പഞ്ചസാര, അരി തുടങ്ങിയ അവശ്യവസ്തുക്കൾ പൂഴ്ത്തിവെക്കുന്നത് ഒഴിവാക്കാനാണ് നടപടിയെന്ന് പ്രസിഡൻറ് ഗോടബയ രാജപക്സ പറഞ്ഞു.
കടുത്ത നിയന്ത്രണം നിലവിൽവന്നതോടെ വ്യാപാരികളിൽനിന്ന് ഭക്ഷ്യശേഖരം പിടിച്ചെടുക്കാനും അവശ്യവിഭവങ്ങൾ കൂട്ടിെവക്കുന്നവരെ അറസ്റ്റ് ചെയ്യാനും പൊലീസിന് അധികാരമുണ്ടാകും. വിലനിയന്ത്രണം പൂർണമായി സർക്കാറിനാകും. ഇതിനായി മുതിർന്ന സൈനിക ഉദ്യോഗസ്ഥനെ അവശ്യസേവന വിഭാഗം കമീഷണർ ജനറലായി പ്രഖ്യാപിച്ചു. അരി, ഗോതമ്പ്, പഞ്ചസാര എന്നിവയടക്കമുള്ളവയുടെ വിതരണം അദ്ദേഹത്തിെൻറ നിയന്ത്രണത്തിലാകും.
ലഭ്യത തീരെ കുറഞ്ഞതോടെ അടുത്തിടെ അരി, പഞ്ചസാര, ഉള്ളി, കിഴങ്ങ് തുടങ്ങിയവക്ക് വില കുത്തനെ കൂടിയിരുന്നു. പാൽപൊടി, മണ്ണെണ്ണ എന്നിവ കിട്ടാതാകുകയും ചെയ്തു. കോവിഡ് കേസുകളിൽ രാജ്യം ഉഴറുന്നതിനിടെയാണ് പുതിയ വെല്ലുവിളിയായി ഭക്ഷ്യ അടിയന്തരാവസ്ഥയും. 2.1 കോടി ജനസംഖ്യയുള്ള രാജ്യത്ത് ഭക്ഷ്യ വസ്തുക്കൾ പൂഴ്ത്തിവെക്കുന്നവർക്ക് അടുത്തിടെ ശിക്ഷ വർധിപ്പിച്ചിരുന്നു. കോവിഡ് മഹാമാരിയിൽ സമ്പദ്വ്യവസ്ഥ താറുമാറിലായ രാജ്യത്ത് വിദേശ വാഹനങ്ങൾ, ഭക്ഷ്യ എണ്ണ, മഞ്ഞൾ തുടങ്ങിയവയുടെ ഇറക്കുമതി നിരോധിച്ചിട്ടുണ്ട്. 2019 നവംബറിൽ വിദേശ നാണയശേഖരം 750 കോടി ഡോളറായിരുന്നത് കഴിഞ്ഞ ജൂലൈ അവസാനത്തിൽ 280 കോടി ഡോളറായി ചുരുങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.