നശീദിനെ സഹായിയായി നിയമിച്ച് ശ്രീലങ്ക
text_fieldsകൊളംബോ: ശ്രീലങ്കയെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ മാലദ്വീപ് പാർലമെന്ററി സ്പീക്കറും മുൻ പ്രസിഡന്റുമായ മുഹമ്മദ് നശീദിനെ പ്രത്യേക സഹായിയായി നിയമിച്ച് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ. രാജ്യം നേരിടുന്ന അത്യപൂർവ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ വിദേശസഹായം നേടിയെടുക്കാൻ സഹായിക്കുകയാണ് നശീദിന്റെ ചുമതല. പ്രതിസന്ധിക്കാലത്ത് അഭയം തന്ന ദ്വീപുരാഷ്ട്രത്തെ സഹായിക്കാനുള്ള അവസരം സ്വീകരിക്കുമെന്ന് നശീദ് അറിയിച്ചു.
കഴിഞ്ഞ ദിവസം കൊളംബോ സന്ദർശിച്ച നശീദുമായി വിക്രമസിംഗെ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു. വിക്രമസിംഗെയുടെ ദീർഘകാല സുഹൃത്താണിദ്ദേഹം. ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും വക്താവും കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാളിയുമായ നശീദ് വിദേശരാജ്യങ്ങളിൽ സ്വീകാര്യനാണ്. ഇന്ത്യയുമായും യു.എസുമായും ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. ആദ്യഘട്ടത്തിൽ ഇന്ത്യയിലെ ബാങ്കുകളെയും ബിസിനസ് സമൂഹത്തെയും സമീപിക്കാനാണ് തീരുമാനമെന്ന് നശീദ് മാധ്യമങ്ങളോട് പറഞ്ഞു. സാധ്യമാകുന്ന രീതിയിൽ ശ്രീലങ്കയെ സഹായിക്കാൻ സന്നദ്ധമാണെന്ന് മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സാലിഹും വ്യക്തമാക്കി.
അതിനിടെ, ശ്രീലങ്കയിൽ ഈ മാസാദ്യം നടന്ന പ്രക്ഷോഭത്തിനിടെ 10 പേർ കൊല്ലപ്പെട്ട സംഭവത്തിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. സംഘർഷത്തിനിടെ 200 ലേറെ ആളുകൾക്ക് പരിക്കേറ്റിരുന്നു. മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സയുടെ അനുകൂലികളും എതിരാളികളുമാണ് ഏറ്റുമുട്ടിയത്. രാജ്യത്ത് പെട്രോളിനായി കലാപം തുടരുകയാണ്. തലസ്ഥാനമായ കൊളംബോയിലേക്ക് പ്രധാന പാതകൾ വാഹനങ്ങളുമായി ജനം ഉപരോധിച്ചു. ഒരു ദിവസത്തേക്കുള്ള പെട്രോൾ മാത്രമെ ശേഖരത്തിലുള്ളൂ എന്ന് വിതരണ കമ്പനികൾ അറിയിച്ചതോടെയാണ് ജനം സമരം തുടങ്ങിയത്.
അതേസമയം, ശ്രീലങ്കക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കുമെന്ന് ലോകബാങ്കും എ.ഡി.ബിയും ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്മെന്റ് ബാങ്കും ചേര്‍ന്നു രൂപവത്കരിച്ച കര്‍മസിമിതി അറിയിച്ചു.
രാജ്യാന്തര നാണ്യനിധിയുമായി ലങ്ക നടത്തുന്ന വായ്പ ചര്‍ച്ചകള്‍ ചൊവ്വാഴ്ച പൂര്‍ത്തിയാകും. ഈ ആഴ്ച തന്നെ വായ്പ സംബന്ധിച്ചുള്ള പ്രഖ്യാപനമുണ്ടാകും. വിദേശ കടപ്പത്രങ്ങളുടെ പലിശയടക്കുന്നത് മുടങ്ങിയതോടെ രാജ്യാന്തര റേറ്റിങ് ഏജന്‍സിയായ ഫിച്ച് ലങ്കയുടെ റേറ്റിങ് സിയില്‍ നിന്നു ഡിയിലേക്കു താഴ്ത്തി. ഇതോടെ വിദേശ വായ്പകള്‍ക്കും തടസ്സമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.