ലങ്കയിൽ കർഫ്യൂ; പാചകവാതകം കിട്ടാതായതോടെ മണ്ണെണ്ണക്കു വേണ്ടി തെരുവുകളിൽ നീണ്ട വരി
text_fieldsകൊളംബോ: സാമ്പത്തിക തകർച്ചയിലായ ശ്രീലങ്കയിൽ ജനകീയ പ്രക്ഷോഭം ചെറുക്കാൻ പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിറകെ രാജ്യവ്യാപക കർഫ്യൂവും. ശനിയാഴ്ച വൈകീട്ട് ആറു മുതൽ തിങ്കളാഴ്ച രാവിലെ ആറുവരെയാണ് കർഫ്യൂ.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പിറ്റേ ദിവസം വ്യാപാരസ്ഥാപനങ്ങൾ ഭാഗികമായി തുറന്നു. തലസ്ഥാന നഗരിയായ കൊളംബോയിൽ പൊലീസും സൈന്യവും റോന്തു ചുറ്റുകയാണ്. പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങിയതോടെയാണ് പ്രസിഡന്റ് ഗോടബയ രാജപക്സ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രക്ഷോഭങ്ങൾ അടിച്ചമർത്താൻ ഇതോടെ സൈന്യത്തിന് പൂർണ അധികാരം ലഭിക്കും. ഇന്ധന, അവശ്യസാധന വിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ച് കൊളംബോയിൽ വ്യാഴാഴ്ച നൂറുകണക്കിനു പേരാണ് തെരുവിലിറങ്ങിയത്. ഇവർ ഒട്ടേറെ സർക്കാർ വാഹനങ്ങൾക്ക് തീയിട്ടു.
ഏപ്രിൽ മുതൽ രാജ്യം അടിയന്തരാവസ്ഥയിലാണെന്ന് വെള്ളിയാഴ്ച രാത്രിയാണ് രാജപക്സ പ്രഖ്യാപിച്ചത്. പ്രസിഡന്റിന്റെ വസതിയിലേക്കടക്കം പ്രതിഷേധം വ്യാപിച്ചിരുന്നു. സൈന്യത്തിന് സമ്പൂർണ അധികാരം നൽകുന്ന നിയമം വഴി ആരെയും വാറന്റില്ലാതെ അറസ്റ്റുചെയ്യാനും കസ്റ്റഡിയിൽ വെക്കാനും സാധിക്കും. ക്രമസമാധാനനില നിലനിർത്താനും അവശ്യസാധന വിതരണവും സേവനവും മുടങ്ങാതിരിക്കാനുമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നാണ് പ്രസിഡന്റിന്റെ അവകാശവാദം. ഇതുവരെ 53 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സാമൂഹിക പ്രവർത്തകനായ തന്റെ മകനെ പൊലീസ് കസ്റ്റഡിയിൽ വെച്ചിരിക്കുകയാണെന്ന് കൊളംബോ സ്വദേശി ആരോപിച്ചു.
പാചകവാതകം കിട്ടാതായതോടെ മണ്ണെണ്ണക്കും മണ്ണെണ്ണ അടുപ്പിനും വേണ്ടി ജനങ്ങളുടെ നീണ്ട വരിയാണ് തെരുവുകളിൽ. ഭക്ഷ്യവസ്തുക്കളുടെ വില വൻതോതിൽ കുതിച്ചുകയറിയതോടെ അന്താരാഷ്ട്ര നാണ്യനിധിയുമായി ചർച്ചക്കൊരുങ്ങുകയാണ് സർക്കാർ. ഇതിനിടെ, ഇന്ത്യയിൽ നിന്നുള്ള 40,000 ടൺ ഡീസലുമായി കപ്പൽ കൊളംബോയിലെത്തി. 40,000 ടൺ അരി ഉടൻ എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്.
അതേസമയം, സാമ്പത്തിക തകർച്ച മറികടക്കുന്നതിനുള്ള വഴി ആലോചിക്കാൻ, എല്ലാ പാർട്ടികളെയും ഉൾപ്പെടുത്തി സർക്കാറിന് രൂപം നൽകണമെന്ന് മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേന, പ്രസിഡന്റ് രാജപക്സയോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.