ശ്രീലങ്ക: അവിശ്വാസ നീക്കവുമായി പ്രതിപക്ഷം; ധനമന്ത്രിയായി അലി സാബ്രി തിരിച്ചെത്തി
text_fieldsകൊളംബോ: സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാനുള്ള മതിയായ പദ്ധതികൾ ആവിഷ്കരിക്കാനായില്ലെങ്കിൽ പ്രസിഡന്റ് ഗോടബയ രാജപക്സക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ശ്രീലങ്കയിലെ പ്രധാന പ്രതിപക്ഷ സഖ്യമായ 'സമാജി ജന ബലവെഗായ' (എസ്.ജെ.ബി) വ്യക്തമാക്കി.
പ്രസിഡന്റിൽ അധികാരം കേന്ദ്രീകരിക്കുന്നത് ഒഴിവാക്കണമെന്നും പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ ആവശ്യപ്പെട്ടു. എക്സിക്യൂട്ടിവ്, ലെജിസ്ലേച്ചർ, ജുഡീഷ്യറി സംവിധാനങ്ങൾ അധികാരം പങ്കിടണം. രാജപക്സമാർ അധികാരമൊഴിയണമെന്നാണ് ജനങ്ങളുടെ ആവശ്യം. സർക്കാർ അതിന് ചെവികൊള്ളണം. ഈ നിലക്കുള്ള തീരുമാനം ആയില്ലെങ്കിൽ അവിശ്വാസം കൊണ്ടുവരുമെന്ന് പ്രേമദാസ പാർലമെന്റിൽ പറഞ്ഞു. എസ്.ജെ.ബി അവിശ്വാസത്തിന് എം.പിമാരിൽനിന്ന് ഒപ്പുശേഖരണം തുടങ്ങിയതായി മാധ്യമ റിപ്പോർട്ടുകളുണ്ട്.
അതിനിടെ, നിയമിതനായി 24 മണിക്കൂറിനകം രാജിവെച്ച ധനകാര്യമന്ത്രി അലി സാബ്രി വെള്ളിയാഴ്ച പദവിയിൽ തിരിച്ചെത്തിയിട്ടുണ്ട്. ഏപ്രിൽ 11ന് തുടങ്ങുന്ന അന്താരാഷ്ട്ര നാണയ നിധിയുമായുള്ള സർക്കാറിന്റെ ചർച്ചകൾക്ക് സാബ്രി നേതൃത്വം നൽകും. കൂടുതൽ യോഗ്യനായ ആൾക്ക് പദവി ലഭിക്കാനായിരുന്നു തന്റെ രാജിയെന്ന് അദ്ദേഹം പാർലമെന്റിൽ പറഞ്ഞു. ഇത് ഏറ്റെടുക്കാൻ ആരും എത്താതിരുന്നതിനെ തുടർന്നാണ് വീണ്ടും ധനമന്ത്രിയാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഏപ്രിൽ നാലിന് സഹോദരനായ ബേസിലിനെ പുറത്താക്കിയാണ് പ്രസിഡന്റ് ഗോടബയ സാബ്രിയെ ധനകാര്യമന്ത്രിയാക്കിയത്.
ഭരണസഖ്യമായ എസ്.എൽ.പി.പിയിൽ ഏറ്റവുമധികം ജനരോഷം നേരിടേണ്ടിവന്ന മന്ത്രിയായിരുന്നു ബേസിൽ രാജപക്സ. പ്രതിപക്ഷത്തെ തണുപ്പിക്കാൻ ഐക്യസർക്കാർ രൂപവത്കരിക്കാമെന്ന് നേരത്തെ രാജപക്സ നിർദേശിച്ചിരുന്നെങ്കിലും അവർ അത് തള്ളുകയായിരുന്നു. ഗോടബയ പ്രസിഡന്റ് ആയിരിക്കുന്നിടത്തോളം ഇടക്കാല സർക്കാർ എന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പ്രേമദാസ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നിർദേശങ്ങൾ പ്രേമദാസ പാർലമെന്റ് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്.
അതിനിടെ, രാജപക്സ രാജിവെച്ചില്ലെങ്കിൽ അദ്ദേഹത്തെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷമായ ജെ.വി.പി രംഗത്തെത്തി. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഗണിക്കാൻ തയാറല്ലെങ്കിൽ രാജപക്സയെ നീക്കാൻ തയാറെടുക്കണമെന്ന് ജെ.വി.പി പാർലമെന്റേറിയനായ വിജിത ഹെറാത് പറഞ്ഞു. വെള്ളിയാഴ്ച രാജ്യമാകെ പൊതുമേഖല, അർധ പൊതുമേഖല ജീവനക്കാർ സർക്കാറിനെതിരെ സമരത്തിലായിരുന്നു. മിക്ക സ്ഥാപനങ്ങളും ഇതുമൂലം പ്രവർത്തിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.