ഏഷ്യൻ ഗജരാജൻ നെടുങ്കമുവ രാജ ചരിഞ്ഞു; വിടപറയുന്നത് ശ്രീലങ്കയുടെ ദേശീയ സുരക്ഷ ലഭിച്ചിരുന്ന ആന
text_fieldsകൊളംബോ: ഏഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ ആനയെന്നറിയപ്പെടുന്ന നെടുങ്കമുവ രാജ ചരിഞ്ഞു. 69 വയസ്സായിരുന്നു. ശ്രീലങ്കയിലെ ഗമ്പഹ ജില്ലയിലാണ് ആന ചരിഞ്ഞത്. കര്‍ണാടകയിലെ മൈസൂരുവിലായിരുന്നു ഗജരാജന്റെ ജനനം. 10.5 അടിയായിരുന്നു ആനയുടെ ഉയരം. ശ്രീലങ്കയുടെ ദേശീയ സുരക്ഷ ലഭിച്ചിരുന്ന ആനയാണ് നെടുങ്കമുവ. ആനയുടെ മൃതദേഹം സംരക്ഷിക്കാനും ദേശീയ നിധിയായി പ്രഖ്യാപിച്ച് വരുംതലമുറക്കായി സൂക്ഷിക്കാനും പ്രസിഡന്റ് ഗോതബായ രാജപക്ഷെ നിർദേശം നൽകിയിട്ടുണ്ട്.
ലോകം മുഴുവന്‍ നിരവധി ആരാധകരാണ് നെടുങ്കമുവ രാജക്ക് ഉള്ളത്. ശ്രീലങ്കയിലെ കാൻഡിയിലെ പ്രശസ്തമായ ബുദ്ധക്ഷേത്രത്തിൽ ശ്രീബുദ്ധന്റെ ദന്താവശിഷ്ടം സ്വര്‍ണപേടകത്തിലാക്കി ആനപ്പുറത്തേറ്റി എഴുന്നള്ളിക്കുന്ന ചടങ്ങുണ്ട്. പേടകം വഹിക്കാനായി തിരഞ്ഞെടുക്കപ്പെട്ട ആനകൂടിയായിരുന്നു നെടുങ്കമുവ രാജ. 11 വർഷമായി തുടർച്ചയായി പേടകം വഹിക്കുന്നത് നെടുങ്കവുമയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ആനയായി കണക്കാക്കപ്പെടുന്ന രാജയെ എല്ലാ വർഷവും നെടുങ്കവുമയിൽ നിന്ന് കാൻഡിയിലേക്ക് 90 കിലോമീറ്റർ യാത്ര ചെയ്യിപ്പിച്ച് കൊണ്ടുപോയിരുന്നു.
ആനയുടെ അന്ത്യകർമങ്ങളുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് ഉടമ ഡോ.ഹർഷ ധർമ്മവിജയ പറഞ്ഞു. മൈസൂർ മഹാരാജാവ് തന്റെ ബന്ധുക്കളിൽ ഒരാളുടെ അസുഖം ഭേദമാകാൻ ബുദ്ധ സന്യാസിക്ക് സമ്മാനിച്ച രണ്ട് ആനക്കുട്ടികളിൽ ഒന്നാണ് രാജ എന്നാണ് പ്രദേശവാസികൾ പറയുന്നത്. രണ്ടാമത്തെക്കുട്ടി നവാം രാജ 2011ൽ ചരിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.