ശ്രീലങ്ക: ചർച്ച പരാജയം; ഇടക്കാല സർക്കാർ നീക്കം പാളി
text_fieldsകൊളംബോ: കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിൽ ഇടക്കാല സർവകക്ഷി സർക്കാർ രൂപവത്കരിക്കാനുള്ള പ്രസിഡന്റ് ഗോടബയ രാജപക്സയുടെ ശ്രമത്തിന് തിരിച്ചടി. പ്രസിഡന്റും ഭരണകക്ഷിയായ എസ്.എൽ.പി.പി സഖ്യത്തിൽനിന്നുള്ള സ്വതന്ത്രരും തമ്മിൽ നടന്ന ചർച്ചയിൽ പുരോഗതിയുണ്ടാവാത്തതാണ് തിരിച്ചടിയായത്.
42 സ്വതന്ത്ര എം.പിമാർ അടങ്ങുന്ന 11 സഖ്യകക്ഷി പാർട്ടികളുമായാണ് പ്രസിഡന്റ് ഗോടബയ ചർച്ച നടത്തിയത്. തങ്ങൾ നൽകിയ 11 ഇന നിർദേശങ്ങൾ അടങ്ങിയ കത്തിൽ ചർച്ച നടത്തിയതായും വരുംദിവസങ്ങളിലും ചർച്ച തുടരുമെന്നും സ്വതന്ത്ര ഗ്രൂപ് അംഗം വാസുദേവ നാനായക്കര പറഞ്ഞു.
നാനായക്കരയും മറ്റ് 41 പേരും കഴിഞ്ഞയാഴ്ചയാണ് ഭരണസഖ്യത്തിൽനിന്ന് വിട്ട് സ്വതന്ത്രരായി തുടരാൻ തീരുമാനിച്ചത്. എല്ലാ മന്ത്രിമാരുടെയും രാജിക്കുശേഷം രാജപക്‌സ നാല് കാബിനറ്റ് അംഗങ്ങളെയാണ് നിയമിച്ചത്. ബാക്കിയുള്ള 26 പേരെ മന്ത്രിസഭയിൽ നിയമിക്കുന്നത് ഇനിയും വൈകുമെന്ന് സർക്കാർവൃത്തങ്ങൾ അറിയിച്ചു. അതിനിടെ, പ്രധാനമന്ത്രി മഹിന്ദ രാജപക്സ തിങ്കളാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത്, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ തന്റെ സർക്കാർ രാപ്പകലില്ലാതെ പ്രവർത്തിച്ചുവരുകയാണെന്ന് വ്യക്തമാക്കി.
സർക്കാർ വിരുദ്ധ പ്രക്ഷോഭം അവസാനിപ്പിക്കാൻ പ്രതിഷേധക്കാരോട് അഭ്യർഥിച്ച അദ്ദേഹം തെരുവുകളിൽ ചെലവഴിക്കുന്ന ഓരോ മിനിറ്റും രാജ്യത്തിന് ഡോളറിന്റെ ഒഴുക്ക് നഷ്ടപ്പെടുത്തുകയാണെന്നും പറഞ്ഞു. അതേസമയം, ശനിയാഴ്ച തുടങ്ങിയ രാജപക്സ വിരുദ്ധ സമരം മൂന്നാം ദിവസവും തുടരുകയാണ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചത് പ്രതിഷേധത്തിന്റെ വ്യാപ്തി കുറക്കാനുള്ള സർക്കാർ തന്ത്രമാണെന്ന് സമരക്കാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.