ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി
text_fieldsകൊളംബോ: ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന ശ്രീലങ്കക്ക് ഇന്ത്യ നൽകുന്ന സാമ്പത്തിക സഹായത്തിന് നന്ദിയുണ്ടെന്നും അദ്ദേഹം അറിയിച്ചു. കടക്കെണിയിലായ ശ്രീലങ്കന്‍ സമ്പദ് വ്യവസ്ഥയെ പുനഃസ്ഥാപിക്കാനും രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് വ്യാഴാഴ്ചയാണ് ശ്രീലങ്കയുടെ 26-ാമത് പ്രധാനമന്ത്രിയായി വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്തത്.
ജനാധിപത്യ പ്രക്രിയകളിലൂടെ അധികാരത്തിലേറിയ പുതിയ ശ്രീലങ്കൻ ഗവൺമെന്റുമായി പ്രവർത്തിക്കാൻ കാത്തിരിക്കുകയാണെന്നും രാജ്യത്തോടുള്ള പ്രതിബദ്ധതയും സൗഹൃദവും തുടരുമെന്നും ഔദ്യോഗിക പ്രസ്താവനയിൽ ഇന്ത്യ വ്യാഴാഴ്ച അറിയിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കക്ക് മൂന്ന് ബില്യൺ ഡോളറിലധികം ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ശ്രീലങ്കയിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭകരുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് റനിൽ വിക്രമസിംഗെ അറിയിച്ചിട്ടുണ്ട്. ആവശ്യ വസ്തുക്കളുടെ ദൗർലഭ്യം, വിലക്കയറ്റം, നീണ്ട പവർകട്ട് തുടങ്ങിയ പ്രശ്നങ്ങൾ കാരണം ദുരിതത്തിലായ ജനങ്ങൾ നേരത്തെ സർക്കാറിനെതിരെ രംഗത്തിറങ്ങിയിരുന്നു. പ്രതിസന്ധിക്ക് കാരണക്കാരായ സർക്കാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ഒരു മാസത്തിലേറെയായി പ്രതിഷേധം തുടരുകയാണ്. ഇതിന്‍റെ ഫലമായി തന്റെ മന്ത്രിസഭയെ പിരിച്ചുവിട്ട് ഗോടബയ ഒരു യുവ മന്ത്രിസഭയെ നിയമിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച അദ്ദേഹത്തിന്റെ സഹോദരൻ മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചതോടെയാണ് പുതിയ പ്രധാന മന്ത്രിയെ നിയമിക്കാന്‍ അദ്ദേഹം നിർബന്ധിതനായത്.
1948-ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക ഇപ്പോൾ അഭിമുഖീകരിക്കുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.