ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ
text_fieldsകൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന ശ്രീലങ്കയിൽ പ്രസിഡന്റ് ഗോടബയ രാജപക്സ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സുരക്ഷസേനക്ക് വിപുലമായ അധികാരം നൽകുന്ന നിയമം വെള്ളിയാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിലാവും. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് തൊഴിലാളി യൂനിയനുകൾ വെള്ളിയാഴ്ച രാജ്യവ്യാപകമായി സമരം നടത്തിയതിനു പിന്നാലെയാണ് അടിയന്തരഭരണ ഓർഡിനൻസിൽ പ്രസിഡന്റ് ഗോടബയ രാജപക്സ ഒപ്പുവെച്ചത്.
അഞ്ചാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് രാജ്യം അടിയന്തരാവസ്ഥയിലേക്കു പോകുന്നത്. ഏപ്രിൽ ഒന്നിന് ഇതിനുമുമ്പ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു. രാവിലെ നടന്ന തൊഴിലാളി സമരത്തെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചാണ് നേരിട്ടത്. തൊഴിലാളി സംഘടനകൾക്കൊപ്പം വിദ്യാർഥികളുടെ പങ്കാളിത്തവും സർക്കാറിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. ആയിരക്കണക്കിന് വിദ്യാർഥികളാണ് വെള്ളിയാഴ്ച പാർലമെന്റിന് മുന്നിൽ തടിച്ചുകൂടി സർക്കാറിനെതിരെ പ്രക്ഷോഭം നടത്തിയത്. സമരത്തെ തുടർന്ന് ട്രെയിൻ ഉൾപ്പെടെയുള്ള സർവിസുകൾ റദ്ദാക്കിയിരിക്കുകയാണ്. സർക്കാർ ഓഫിസുകളിലും സ്വകാര്യ നിർമാണസ്ഥാപനങ്ങളിലും തൊഴിലാളികൾ പ്രക്ഷോഭത്തിലാണ്. കറുത്ത ബാഡ്ജ് ധരിച്ചാണ് ഭൂരിഭാഗം തൊഴിലാളികളും ജോലിക്കെത്തിയത്. അതേസമയം, ഇന്ത്യ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങൾ സാമ്പത്തികസഹായങ്ങൾ വിതരണം ചെയ്യുന്നുണ്ടെങ്കിലും രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം രൂക്ഷമായി തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.