ശ്രീലങ്കയിൽ ഇടക്കാല സർക്കാർ രൂപവത്കരണം; മഹിന്ദയെ മാറ്റാമെന്ന് ഗോടബയ
text_fieldsകൊളംബോ: ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് സഹോദരൻ മഹിന്ദ രാജപക്സയെ പ്രധാനമന്ത്രിപദത്തിൽനിന്ന് മാറ്റി ഇടക്കാല സർക്കാർ രൂപവത്കരണത്തിന് വഴിയൊരുക്കാമെന്ന് പ്രസിഡന്റ് ഗോടബയ രാജപക്സ. ഗോടബയയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മുൻ പ്രസിഡന്റും എം.പിയുമായ മൈത്രിപാല സിരിസേനയാണ് ഇക്കാര്യം അറിയിച്ചത്.
ഇടക്കാല സർക്കാർ രൂപവത്കരണത്തിന് സമ്മർദം ചെലുത്തുന്നതിന്റെ ഭാഗമായാണ് സിരിസേനയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഗോടബയയെ കണ്ടത്. പുതിയ പ്രധാനമന്ത്രിയെയും സർവകക്ഷി മന്ത്രിസഭയെയും നിർദേശിക്കാൻ ദേശീയ കൗൺസിലിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സിരിസേന പറഞ്ഞു. ഇതിന്റെ ഭാഗമായി ഭരണസഖ്യത്തിലെ വിമതരായ സിരിസേനയുടെ പാർട്ടിയടക്കമുള്ളവരോട് പ്രതിപക്ഷ കക്ഷികളുമായി ചർച്ചകൾ നടത്താൻ ഗോടബയ നിർദേശിച്ചു.
സിരിസേനയുടെ സംഘത്തിന് പുറമെ ഭരണകക്ഷിയോട് ഇടഞ്ഞുനിൽക്കുന്ന മറ്റൊരു വിമത സംഘവുമായും ഗോടബയ ചർച്ച നടത്തി. പ്രധാന പ്രതിപക്ഷമായ എസ്.ജെ.ബി അടക്കം പ്രതിപക്ഷ കക്ഷികളുമായി ചർച്ച നടത്താൻ അഞ്ചംഗ സമിതിയെ നിശ്ചയിച്ചതായി പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു. അവരോട് ഭൂരിപക്ഷം തെളിയിക്കാനും പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
താൻ രാജിവെക്കില്ലെന്നും ഇടക്കാല സർക്കാറിനെ നയിക്കുമെന്നുമാണ് മഹിന്ദ രാജപക്സയുടെ നിലപാട്. എന്നാൽ, ഭരണകക്ഷിയിലെ വിമതരും പ്രതിപക്ഷവും പ്രധാനമന്ത്രിയായി മഹിന്ദ വേണ്ടെന്ന നിലപാടിൽ ഒറ്റക്കെട്ടാണ്. അതേസമയം, മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നേതൃത്വത്തിലുള്ള സംഘം ശ്രീലങ്കയിലെ ഇന്ത്യൻ ഹൈകമീഷണറുമായി കൂടിക്കാഴ്ച നടത്തി.
ഇടക്കാല സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സിരിസേന ഹൈകമീഷണറുമായി ചർച്ച ചെയ്തതായി എസ്.എൽ.എഫ്.പി ജനറൽ സെക്രട്ടറി ദയസിരി ജയശേഖര അറിയിച്ചു. കൂടിക്കാഴ്ച സ്ഥിരീകരിച്ച ഹൈകമീഷണർ ബഗ്ലെ, ശ്രീലങ്കക്കുള്ള ഇന്ത്യയുടെ പിന്തുണ തുടരുമെന്ന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.