ശ്രീലങ്ക: എന്തുവന്നാലും രാജിയില്ലെന്ന് സർക്കാർ
text_fieldsകൊളംബോ: എന്തുവന്നാലും പ്രസിഡന്റ് ഗോടബയ രാജപക്സ രാജിവെക്കില്ലെന്ന് ശ്രീലങ്ക സർക്കാർ വ്യക്തമാക്കി. നിലവിലെ പ്രതിസന്ധി നേരിടും. സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ജനതയുടെ പ്രക്ഷോഭം രാജ്യത്തെ പിടിച്ചു കുലുക്കിയതിനു പിറകെ സർക്കാർ അടിയന്തരാവസ്ഥ പിൻവലിച്ചിരുന്നു.
ഇപ്പോഴത്തെ പ്രതിസന്ധി നേരിടുമെന്നും പ്രസിഡന്റ് രാജിവെക്കേണ്ട സാഹചര്യമില്ലെന്നും സർക്കാർ ചീഫ് വിപ്പ് ജോൺസ്റ്റൺ ഫെർണാണ്ടോ പാർലമെന്റിൽ പറഞ്ഞു. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആളാണ് പ്രസിഡന്റ്. അതുകൊണ്ട് പ്രക്ഷോഭമുയരുമ്പോൾ രാജിവെക്കേണ്ട ആവശ്യമില്ല. പ്രതിപക്ഷമായ 'ജനത വിമുക്തി പെരമുന' (ജെ.വി.പി)യാണ് അക്രമങ്ങൾക്ക് പിന്നിൽ. ഇത് കൊള്ള രാഷ്ട്രീയമാണ്. അനുവദിക്കാവുന്നതല്ല. അക്രമം നിർത്താൻ ജനം തയാറാകണം. പൊതുജനം ഉയർത്തിയ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ സർക്കാർ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അടിയന്തരാവസ്ഥ പിൻവലിച്ചെങ്കിലും അത് ഏർപ്പെടുത്തിയ പ്രസിഡന്റിന്റെ തീരുമാനത്തെ സർക്കാർ വക്താവ് ന്യായീകരിച്ചു. അതിനിടെ, അധികാരത്തിലുള്ളവരും ബന്ധുക്കളും രാജ്യത്തിന്റെ പണമൂറ്റി നാടുവിടുകയാണെന്ന് പ്രക്ഷോഭകർ ആരോപിച്ചു. പ്രതിസന്ധിയും പ്രക്ഷോഭവും പരിഗണിച്ച് തെരഞ്ഞെടുപ്പ് നേരത്തേ നടത്തണമെന്ന് മുതിർന്ന ഇടതുപക്ഷ നേതാവ് വാസുദേവ നാനായക്കര ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാ കക്ഷികൾക്കും പ്രാതിനിധ്യമുള്ള സർക്കാർ രൂപവത്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭരണസഖ്യമായ എസ്.എൽ.പി.പിയിൽ നിന്ന് വിട്ട് സ്വതന്ത്രമായി നിൽക്കുമെന്ന് അറിയിച്ച 42 പേരിൽ പെട്ടയാളാണ് നാനായക്കര. ഈ അവസ്ഥയിൽ സർക്കാറിന് മുന്നോട്ടുപോകാനാവില്ല. എങ്കിലും പ്രതിപക്ഷവുമായി ഇപ്പോൾ സഹകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.