ശ്രീലങ്ക: വ്യവസ്ഥിതി മാറുംവരെ പോരാട്ടം തുടരുമെന്ന് പ്രക്ഷോഭകർ
text_fieldsകൊളംബോ: പ്രസിഡന്റ് സ്ഥാനം നിർത്തലാക്കി സമ്പൂർണ വ്യവസ്ഥിതി മാറ്റത്തിനായി പോരാട്ടം തുടരുമെന്ന് ശ്രീലങ്കൻ പ്രക്ഷോഭകർ വ്യക്തമാക്കി. ഗോടബയ രാജപക്‌സയെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കിയ ജനകീയ പ്രക്ഷോഭം ഞായറാഴ്ച നൂറാം ദിവസം പിന്നിട്ടു. ഏപ്രിൽ ഒമ്പതിനാണ് പ്രസിഡൻഷ്യൽ ഓഫിസിന് സമീപം സർക്കാർ വിരുദ്ധ പ്രതിഷേധം ആരംഭിച്ചത്.
വ്യവസ്ഥിതിയുടെ സമ്പൂർണ മാറ്റത്തിന് പോരാട്ടം തുടരുമെന്ന് പ്രക്ഷോഭത്തിന്റെ മുൻനിരക്കാരനായ ഫാദർ ജീവന്ത പെരിസ് പറഞ്ഞു.ആക്ടിങ് പ്രസിഡന്റ് വിക്രമസിംഗെയാണ് പ്രതിഷേധക്കാരുടെ അടുത്ത ലക്ഷ്യം. റനിലിനെ പുറത്താക്കാനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞു.ജൂലൈ അഞ്ചിന് പുറത്തിറക്കിയ കർമപദ്ധതിയനുസരിച്ച് ഗോടബയയെ നീക്കുകയും റനിൽ വിക്രമസിംഗെയെയും രാജപക്‌സ ഭരണകൂടത്തെയും പരാജയപ്പെടുത്തുകയുമാണെന്ന് പെരിസ് പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ ക്ഷാമമാണ് ജനങ്ങളെ സർക്കാറിനെതിരെ തിരിച്ചത്. വിദേശനാണയ ക്ഷാമം കൂടുതൽ ബാധിച്ചത് ഇന്ധന, ഊർജ മേഖലകളെയാണ്. എല്ലാ വാഹന ഉടമകൾക്കും പ്രതിവാര ഇന്ധന ക്വോട്ട ഉറപ്പുനൽകുന്ന ദേശീയ ഇന്ധന പാസുകൾ ശ്രീലങ്കൻ സർക്കാർ കഴിഞ്ഞദിവസം അവതരിപ്പിച്ചിരുന്നു. ഇന്ധന ഉപഭോഗം 30 ശതമാനമാണ് വർധിച്ചത്. സർക്കാർ ഇന്ധന വിതരണം ജൂൺ 27 മുതൽ അവശ്യ സേവനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ശ്രീലങ്കൻ കമ്പനികൾ വിതരണം നിർത്തിയ ശേഷം ലങ്കൻ ഇന്ത്യൻ ഓയിൽ കമ്പനി വിതരണ ശൃംഖല വിപുലീകരിച്ചു. ഈ വർഷത്തിന്റെ തുടക്കം മുതൽ, ഇന്ധന വാങ്ങലുകൾക്ക് ശ്രീലങ്ക ഇന്ത്യൻ ധനസഹായത്തെയാണ് ആശ്രയിക്കുന്നത്.
500 ദശലക്ഷം ഡോളർ സഹായം പിന്നീട് 700 ദശലക്ഷം ഡോളറായി ഉയർത്തി. അതേസമയം, ശ്രീലങ്ക അപേക്ഷിച്ച മൂന്നാമത്തെ സഹായം ലഭ്യമായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.