ശ്രീലങ്കൻ തീരത്തിനടുത്ത് എണ്ണക്കപ്പലിലെ തീയണക്കാൻ ശ്രമം തുടരുന്നു
text_fieldsചെന്നൈ: ശ്രീലങ്കയുടെ കിഴക്കൻ തീരത്തിന് അകലെവെച്ച് തീപിടിച്ച എണ്ണക്കപ്പലിലെ തീയണക്കാൻ രണ്ടാം ദിവസവും ഉൗർജിത ശ്രമം തുടരുന്നു. ശ്രീലങ്കൻ നാവികസേനയും ഇന്ത്യൻ തീരസേനയും സംയുക്തമായാണ് രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്നത്. ഇന്ത്യൻ തീരസേനയുടെ നാലു കപ്പലുകളും ഒരു ഡോണിയർ വിമാനവും രക്ഷാപ്രവർത്തനത്തിനുണ്ട്. കപ്പലിലെ തീ എണ്ണ ടാങ്കിനടുത്തേക്ക് എത്തുകയോ ഇതുവരെ ചോർച്ച ഉണ്ടാവുകയോ ചെയ്തിട്ടില്ലെന്ന് ശ്രീലങ്കൻ നാവികസേന വക്താവ് ഇൻഡിക്ക സിൽവ പറഞ്ഞു. എണ്ണ പുറത്തേക്കൊഴുകുകയോ കപ്പൽ സ്ഫോടനത്തിൽ തകരുകയോ ചെയ്താൽ ശ്രീലങ്കൻ തീരത്ത് വലിയ പരിസ്ഥിതി പ്രശ്നത്തിന് കാരണമാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
എം.ടി ന്യൂഡയമണ്ട് എന്ന പനാമ രജിസ്ട്രേഷനുള്ള കപ്പലിെൻറ എൻജിൻ മുറിയിലെ ബോയിലറിൽ വ്യാഴാഴ്ചയുണ്ടായ സ്ഫോടനമാണ് തീപിടിത്തത്തിന് കാരണമായത്. തീരത്തുനിന്ന് 70 കിലോമീറ്റർ അകലെയാണ് ഇപ്പോൾ കപ്പലുള്ളത്. ആകെ 23 പേരുണ്ടായിരുന്ന കപ്പലിലെ ഒരു ക്രൂ അംഗം ബോയിലറിലെ സ്ഫോടനത്തിൽ മരിച്ചതായി സ്ഥിരീകരിച്ചു. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ബാക്കി 21 പേരും പരിക്കില്ലാതെ രക്ഷപ്പെട്ടു. 23 ജീവനക്കാരിൽ 18 ഫിലിപ്പീൻസ്കാരും അഞ്ചു ഗ്രീക്കുകാരുമാണ്. പരിക്കേറ്റവരു മരിച്ചവരും ഫിലിപ്പിനോകളാണ്.
കപ്പൽ കടലിലെ ഒഴുക്കിൽപ്പെട്ട് മെല്ലെ തീരത്തേക്ക് നീങ്ങുന്നതായി ശ്രീലങ്കൻ സമുദ്ര പരിസ്ഥിതി സംരക്ഷണ അതോറിറ്റി ജനറൽ മാനേജർ ടേണി പ്രദീപ് പറഞ്ഞു. കുവൈത്തിലെ മിന അൽ അഹ്മദി തുറമുഖത്തുനിന്ന് 2,70,000 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ഒഡിഷയിലെ പാരദ്വീപിലുള്ള ഇന്ത്യൻ ഓയിൽ കോർപറേഷെൻറ റിഫൈനറിയിലേക്ക് വന്നതാണ് കപ്പൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.