ശ്രീലങ്കയിൽ ബുർഖ നിരോധിക്കാൻ നീക്കം; ആയിരത്തിലേറെ മദ്രസകൾ അടച്ചുപൂട്ടുമെന്നും മന്ത്രി
text_fieldsകൊളംബോ: ശ്രീലങ്കയിൽ ബുർഖ നിരോധനം നടപ്പാക്കും. ആയിരത്തിലേറെ മദ്രസകൾ അടച്ചുപൂട്ടാനും നീക്കമുണ്ട്. ബുർഖ നിരോധനത്തിനുള്ള തീരുമാനത്തിൽ ഒപ്പുവെച്ചതായും മന്ത്രിസഭയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും പൊതുസുരക്ഷാ മന്ത്രി ശരത് വീരശേഖര അറിയിച്ചു. ദേശീയ സുരക്ഷാ ആശങ്ക മുൻനിർത്തിയുള്ള നടപടിയെന്നാണ് മന്ത്രി അവകാശപ്പെട്ടത്. എന്നാൽ, തീരുമാനത്തിനെതിരെ പ്രതിഷേധമുയർന്നു കഴിഞ്ഞു.
'ശ്രീലങ്കയിലെ മുസ്ലിം വനിതകൾ മുൻകാലത്ത് ബുർഖ ധരിച്ചിരുന്നില്ല. ബുർഖ ധരിക്കുന്ന രീതി ഈയിടെ വന്നതാണ്. ഇത് മതതീവ്രവാദത്തിന്‍റെ അടയാളമാണ്. തീർച്ചയായും ഞങ്ങൾ അത് നിരോധിക്കും' -മന്ത്രി പറഞ്ഞു.
2019ൽ ശ്രീലങ്കയിൽ പള്ളികൾക്കും ഹോട്ടലുകൾക്കും നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് ബുർഖക്ക് താൽക്കാലികമായി നിരോധനം ഏർപ്പെടുത്തിയിരുന്നു. ആയുധധാരികൾ നടത്തിയ ആക്രമണത്തിൽ 250ലേറെ പേരാണ് അന്ന് കൊല്ലപ്പെട്ടത്.
സുരക്ഷയുടെ പേരിൽ ബുർഖ നിരോധിക്കാനുള്ള നീക്കത്തിനെതിരെ ആക്ടിവിസ്റ്റുകൾ ഉൾപ്പെടെ അന്ന് പ്രതിഷേധമുയർത്തിയിരുന്നു. മുസ്ലിം സ്ത്രീയുടെ മതപരമായ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണ് നിരോധനമെന്ന് ഇവർ ചൂണ്ടിക്കാട്ടി.
രാജ്യത്തെ മുസ്ലിം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ദേശീയ വിദ്യാഭ്യാസ നയങ്ങൾ ലംഘിക്കുന്നുവെന്നും അതിനാലാണ് അടച്ചുപൂട്ടുന്നതെന്നും മന്ത്രി വീരശേഖര അവകാശപ്പെടുന്നു.
നേരത്തെ, കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ സംസ്കാര ചടങ്ങുകൾക്കായി നിർദേശങ്ങൾ നൽകിയപ്പോഴും മുസ്ലിം മതവിഭാഗങ്ങളെ സർക്കാർ പരിഗണിച്ചിരുന്നില്ല. എല്ലാ മൃതദേഹങ്ങളും ദഹിപ്പിക്കണമെന്ന ഉത്തരവ് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. അന്താരാഷ്ട്രതലത്തിൽ പ്രതിഷേധമുയർന്നതോടെയാണ് ഉത്തരവ് സർക്കാർ പിൻവലിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.