കലാപമണയാതെ ശ്രീലങ്ക; സൈന്യത്തിനും പൊലീസിനും അമിതാധികാരം
text_fieldsകൊളംബോ: ജനരോഷാഗ്നിയിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്സ തെറിച്ചിട്ടും കലാപമണയാതെ ശ്രീലങ്ക. കർഫ്യൂ ലംഘിച്ച് തെരുവിൽ തുടരുന്ന ആയിരക്കണക്കിന് പ്രക്ഷോഭകർ സർക്കാർ സ്ഥാപനങ്ങളും ഭരണപക്ഷ സാമാജികരുടെയും നേതാക്കന്മാരുടെയും വീടുകളും വ്യാപാരസ്ഥാപനങ്ങളും അഗ്നിക്കിരയാക്കി. അക്രമങ്ങളിലായി എട്ടു പേർ മരിക്കുകയും ഇരുനൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത ലങ്കയിൽ സൈന്യത്തിനും പൊലീസിനും അടിയന്തര അധികാരം നൽകി സർക്കാർ ഉത്തരവിട്ടു. ഇതിലൂടെ ആരെയും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം. കലാപം നടത്തുന്നവർക്കെതിരെ വെടിവെക്കാൻ സൈന്യത്തിന് അധികാരം നൽകിയിട്ടുണ്ട്.
ഇതിനിടെ, തലസ്ഥാന നഗരിയായ കൊളംബോ വിട്ട മഹിന്ദയും കുടുംബവും പ്രക്ഷോഭകരെ പേടിച്ച് ട്രിങ്കോമാലിയിലെ നാവികസേന ആസ്ഥാനത്ത് അഭയം തേടി. ഈ വിവരമറിഞ്ഞ് പ്രക്ഷോഭകർ നാവിക കേന്ദ്രം വളഞ്ഞ് മുദ്രാവാക്യം വിളിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. രാജപക്സ കുടുംബത്തിന്റെ ഹംബൻതൊട്ടയിലെ കുടുംബവീടിന് കഴിഞ്ഞ ദിവസം പ്രക്ഷോഭകർ തീയിട്ടിരുന്നു.
രാജ്യത്തിന്റെ സാമ്പത്തിക തകർച്ചയിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങിയവരെ തിങ്കളാഴ്ച രാജപക്സ അനുകൂലികൾ ആക്രമിച്ചതിനെ തുടർന്ന് പ്രക്ഷോഭം ആളിക്കത്തുകയും തുടർന്ന് മഹിന്ദക്ക് രാജി വെക്കേണ്ടിവരുകയുമായിരുന്നു. രാജിവെച്ച മഹിന്ദയുടെ സഹോദരനും പ്രസിഡന്റുമായ ഗോടബയ രാജപക്സയും രാജിവെക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. അതേസമയം, സ്ഥിതിഗതികൾ ശാന്തമായിവരുന്നുവെന്ന് അവകാശപ്പെട്ട പൊലീസ് വക്താവ്, രാജ്യവ്യാപക കർഫ്യൂ ബുധനാഴ്ച രാവിലെവരെ നീട്ടിയതായി അറിയിച്ചു. പ്രധാനമന്ത്രിയുടെ രാജിയോടെ മന്ത്രിസഭ നിലവിലില്ലാതായ ശ്രീലങ്കയിൽ ഇപ്പോൾ പ്രസിഡന്റാണ് ഭരണത്തലവൻ. അനുയായികളെ അക്രമത്തിനു പ്രേരിപ്പിച്ച മഹിന്ദയെ അറസ്റ്റ് ചെയ്യണമെന്ന് മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയും വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കളും ആവശ്യമുന്നയിച്ചിട്ടുണ്ട്. രാജ്യത്ത് സമാധാനം നിലനിർത്താൻ സൈനിക മേധാവി ജനറൽ ഷാവേന്ദ്ര സിൽവ ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.