തമിഴ്നാട്ടിൽ നിന്നുള്ള 12 മത്സ്യത്തൊഴിലാളികൾക്ക് ഒരു കോടി പിഴയിട്ട് ശ്രീലങ്കൻ കോടതി
text_fieldsകൊളംബോ: അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ച് അനധികൃതമായി മീൻപിടിച്ചെന്ന് കാണിച്ച് തമിഴ്നാട്ടിൽ നിന്നുള്ള 12 മത്സ്യത്തൊഴിലാളികൾക്ക് 98.3 ലക്ഷം രൂപ (3.5 കോടി ലങ്കൻ രൂപ) പിഴയിട്ട് ലങ്കൻ കോടതി. പിഴയടച്ചില്ലെങ്കിൽ ആറ് മാസം തടവുശിക്ഷ അനുഭവിക്കണം.
തൂത്തുക്കുടിയിലെ തരുവൈക്കുളത്തുനിന്നുള്ള 22 മത്സ്യത്തൊഴിലാളികളെയാണ് ആഗസ്റ്റ് അഞ്ചിന് ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തത്. രണ്ട് ബോട്ടുകളിലായി മീൻപിടിക്കുകയായിരുന്നു ഇവർ. ആഗസ്റ്റ് ആറ് മുതൽ ഇവർ ജയിലിലാണുള്ളത്. മറ്റ് 10 പേരുടെ കാര്യത്തിൽ കോടതി വിധി പിന്നീടുണ്ടാകും.
ലങ്കൻ സമുദ്രാതിർത്തിയിൽ അതിക്രമിച്ച് കടന്നതിന് രണ്ട് കോടി ലങ്കൻ രൂപയും അനധികൃത മീൻപിടിത്തത്തിന് 1.5 കോടി ലങ്കൻ രൂപയുമാണ് കോടതി പിഴയിട്ടത്. അതേസമയം, പിടിച്ചെടുത്ത ബോട്ടുകളുടെ കാര്യത്തിൽ കോടതി തീരുമാനം പറഞ്ഞിട്ടില്ല. മറ്റുള്ള 10 മത്സ്യത്തൊഴിലാളികളുടെ കേസ് സെപ്റ്റംബർ 10ന് കോടതി വീണ്ടും പരിഗണിക്കും.
അടുത്തിടെ, സമാനമായ മറ്റൊരു സംഭവത്തിൽ മാന്നാറിലെ ഒരു കോടതി ഒമ്പത് മത്സ്യത്തൊഴിലാളികൾക്ക് 40 ലക്ഷം ലങ്കൻ രൂപ പിഴയിട്ടിരുന്നു. പിന്നീട് ബോട്ട് പിടിച്ചുവെക്കുകയും ഏഴ് തൊഴിലാളികളെ വെറുതെവിടുകയും രണ്ട് പേരെ ശിക്ഷിക്കുകയും ചെയ്തിരുന്നു.
അനധികൃത മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ പിടിച്ചെടുക്കാനുള്ള പുതിയ നിയമം ലങ്കൻ കോടതി പാസ്സാക്കിയിരുന്നു. 177 ഇന്ത്യൻ ബോട്ടുകൾ ഇതിന് പിന്നാലെ ലങ്കൻ നാവികസേന പിടിച്ചെടുത്തതായാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.