ശ്രീലങ്കൻ സമ്പദ് വ്യവസ്ഥ പ്രതിസന്ധി അതിജീവിക്കുന്നു; മൂന്നുവർഷത്തിനിടെ ആദ്യമായി പലിശനിരക്ക് കുറച്ചു
text_fieldsകൊളംബോ: ശ്രീലങ്കൻ സെൻട്രൽ ബാങ്ക് മൂന്നുവർഷത്തിനിടെ ആദ്യമായി പലിശ നിരക്കുകൾ വെട്ടിക്കുറച്ചു. നിക്ഷേപ, വായ്പ പലിശനിരക്കിൽ 250 ബേസിസ് പോയന്റാണ് കുറവുവരുത്തിയത്. കടുത്ത പ്രതിസന്ധി നേരിട്ട ശ്രീലങ്കൻ സമ്പദ്‍വ്യവസ്ഥ തിരിച്ചുകയറി സ്ഥിരത കൈവരിക്കുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തുന്നത്. എക്കാലത്തെയും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ദ്വീപ് രാഷ്ട്രം കഴിഞ്ഞവർഷം നേരിട്ടത്. പണപ്പെരുപ്പം, വിദേശനാണ്യത്തിന്റെ കുറവ്, ഭക്ഷ്യക്ഷാമം എന്നിവ രൂക്ഷമായി. തെരുവു പ്രക്ഷോഭങ്ങൾ അന്നത്തെ പ്രസിഡന്റ് ഗോടബയ രാജപക്സയെ രാജിവെച്ച് നാടുവിടാൻ നിർബന്ധിതനാക്കി.
കഴിഞ്ഞ സെപ്റ്റംബറിൽ 70 ശതമാനത്തിലെത്തിയ പണപ്പെരുപ്പം 30 ശതമാനത്തിലേക്ക് കുറഞ്ഞതും സർക്കാറിന്റെ വരുമാനം വർധിച്ചതുമാണ് പലിശനിരക്ക് കുറക്കാൻ സെൻട്രൽ ബാങ്കിന് ആത്മവിശ്വാസം നൽകിയത്. പണപ്പെരുപ്പം നിയന്ത്രിക്കാൻ സെൻട്രൽ ബാങ്ക് കഴിഞ്ഞ വർഷം പലിശനിരക്ക് 950 ബേസിസ് പോയന്റ് ഉയർത്തിയിരുന്നു.
സമ്പദ്‌വ്യവസ്ഥ സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്ന് ഗവർണർ പി. നന്ദലാൽ വീരസിംഗ പറഞ്ഞു. സെപ്റ്റംബറിൽ വിവിധ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി കടം പുനഃക്രമീകരിക്കുന്നതിനുള്ള ചർച്ചകൾ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തോടെ പണപ്പെരുപ്പം ഒറ്റയക്കത്തിലേക്ക് ചുരുങ്ങുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.