ശ്രീലങ്കയിൽ ഇടക്കാല സർക്കാർ രൂപവത്കരണം; പ്രസിഡന്റിന്റെ വാഗ്ദാനം തള്ളി പ്രതിപക്ഷം
text_fieldsകൊളംബോ: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കൊപ്പം രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന ശ്രീലങ്കയിൽ സജിത് പ്രേമദാസയെ തലവനാക്കി ഇടക്കാല സർക്കാർ രൂപവത്കരിക്കാമെന്ന പ്രസിഡന്റ് ഗോടബയ രാജപക്സയുടെ വാഗ്ദാനം പ്രതിപക്ഷം തള്ളി. മുഖ്യ പ്രതിപക്ഷ പാർട്ടിയായ സമാഗി ജന ബാലവേഗായയുടെ (എസ്.ജെ.ബി) നേതാവാണ് സജിത് പ്രേമദാസ.
എസ്.ജെ.ബി ദേശീയ സംഘാടകൻ ടിസ്സ അട്ടാനായകെയാണ് ഇക്കാര്യം അറിയിച്ചത്. എസ്.ജെ.ബിയുടെ രാഷ്ട്രീയഗുരു ഹർഷ ഡി സിൽവ, പ്രേമദാസ എന്നിവരുമായി ഗോടബയ കഴിഞ്ഞദിവസം നടത്തിയ ടെലിഫോൺ ചർച്ചയിലായിരുന്നു ഇടക്കാല സർക്കാറിനെ കുറിച്ച് സംസാരിച്ചത്. 19ാം ഭേദഗതി പുനഃസ്ഥാപിച്ച് രാജ്യത്ത് പാർലമെന്ററി ജനാധിപത്യം കൊണ്ടുവരണമെന്നാണ് ശ്രീലങ്കയിലെ ബാർ അസോസിയേഷന്റെ ആവശ്യം. ഇതിന് പൂർണപിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷം 20ാം ഭേദഗതി റദ്ദാക്കി പ്രസിഡൻഷ്യൽ ഭരണരീതി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ശനിയാഴ്ച മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയും പ്രേമദാസയുമായി കൂടിക്കാഴ്ച നടത്തി ഇടക്കാല സർക്കാർ രൂപവത്കരിക്കാൻ ആവശ്യപ്പെട്ടു. അതേസമയം, രാജപക്സ സഹോദരങ്ങൾ നേതൃത്വം നൽകുന്ന സർക്കാറിൽ ഭാഗഭാക്കാവാനില്ലെന്നാണ് പ്രേമദാസയുടെ നിലപാട്.
ബുദ്ധമത പുരോഹിതവർഗവും ഇടക്കാല സർക്കാർ രൂപവത്കരണത്തിനായി ഗോടബയയിൽ സമ്മർദംചെലുത്തിയിരുന്നു. വെള്ളിയാഴ്ച അർധരാത്രിയോടെ പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെയാണ് ശ്രീലങ്ക രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് വീണത്.
അതിനിടെ, സാമ്പത്തിക പ്രതിസന്ധി നേരിടാൻ ജനം ക്ഷമയോടെ സഹകരിക്കണമെന്നും സുരക്ഷ ജീവനക്കാർ അവധി റദ്ദാക്കി ജോലിയിൽ പ്രവേശിക്കണമെന്ന് പ്രതിരോധ മന്ത്രാലയം അഭ്യർഥിച്ചു. ഞായറാഴ്ച ബുദ്ധക്ഷേത്ര സന്ദർശനത്തിനെത്തിയ പ്രധാന മന്ത്രി മഹിന്ദ രാജപക്സയെയും ഗോടബയ രാജപക്സയെയും'' കള്ളമാർ ക്ഷേത്രസന്നിധിയിൽ പ്രവേശിക്കരുതെന്ന മുദ്രാവാക്യം വിളികളോടെയാണ് ജനം എതിരേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.