സമരവേദിയിൽനിന്ന് ഒഴിഞ്ഞ ട്രക്കുകൾ നീക്കി ലങ്കൻ പൊലീസ്
text_fieldsകൊളംബോ: ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധിയിൽ പ്രതിഷേധിച്ച് സർക്കാറിനെതിരെ സമരം തുടരുന്നവരെ അടിച്ചമർത്താൻ നീക്കം. പ്രസിഡന്റ് ഗോടബയ രാജപക്സയുടെ ഓഫിസിനു സമീപമുള്ള സമരവേദിയിൽനിന്ന് ഏതാനും ഒഴിഞ്ഞ ട്രക്കുകൾ പൊലീസ് നീക്കിയതായാണ് റിപ്പോർട്ട്.
ഏപ്രിൽ ഒമ്പതു മുതൽ രാജപക്സ സഹോദരങ്ങളുടെ രാജിയാവശ്യപ്പെട്ട് പ്രസിഡന്റിന്റെ ഓഫിസിനു സമീപത്തെ മാലെ ഫെയ്സിൽ സംഘടിക്കുകയാണ് സമരക്കാർ. സമരക്കാരെ പിരിച്ചുവിടാനുള്ള പൊലീസിന്റെ നീക്കങ്ങൾക്ക് കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ലങ്കൻ ലോയേഴ്സ് ബോഡി ബാർ അസോസിയേഷൻ മുന്നറിയിപ്പു നൽകി. പ്രതിഷേധക്കാർക്ക് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെ പിന്തുണയുണ്ട്.
ലങ്കയിലെ മുതിർന്ന ക്രിക്കറ്റ് താരങ്ങളായ അർജുന രണതുംഗയും സനത് ജയസൂര്യയും തെരുവുപ്രതിഷേധത്തിൽ അണിചേർന്നു.
ക്രിക്കറ്റ് ലോകത്തു നിന്ന് മഹേല ജയവർധന, കുമാർ സംഗക്കാര, റോഷൻ മഹാനാമ എന്നിവരടക്കം ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധം രണ്ടാംവാരത്തിലേക്ക് കടന്നതോടെ ഗോടബയയുടെ ഓഫിസിനു പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം ശ്രീലങ്കൻ ഭരണഘടനയെ സംരക്ഷിക്കുമെന്നും സമാധാനമായി തുടരുന്ന സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ ഇടപെടില്ലെന്നും സൈന്യം വ്യക്തമാക്കി. പ്രതിഷേധത്തെ സൈന്യത്തെ ഉപയോഗിച്ച് സർക്കാർ അടിച്ചമർത്താനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇതേതുടർന്നാണ് സൈന്യം നിലപാടറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.