സാമ്പത്തിക പ്രതിസന്ധി: തെറ്റുപറ്റിയെന്ന് സമ്മതിച്ച് ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെ
text_fieldsകൊളംബോ: ശ്രീലങ്കയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത് ഭരണ നേതൃത്വത്തിന് പറ്റിയ പിഴവുകളാണെന്ന് സമ്മതിച്ച് ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്സെ. തെറ്റുകളെല്ലാം താൻ സമ്മതിക്കുന്നുവെന്നും അവ തിരുത്തുമെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തു. രാജ്യത്ത് പുതുതായി നിയമിച്ച 17 കാബിനറ്റ് മന്ത്രിമാരോട് സംസാരിക്കവെയാണ് അദ്ദേഹം തനിക്ക പിഴവു പറ്റിയതായി സമ്മതിച്ചത്.
"ശ്രീലങ്ക പാപ്പരത്വത്തിന്റെ വക്കിലാണ്. മൊത്തം 25 ബില്യൺ യു.എസ് ഡോളറിന്റെ ഏകദേശം 7 ബില്യൺ യു.എസ് ഡോളറും ഈ വർഷം തിരിച്ചടക്കാനുള്ള ബാധ്യതയുണ്ട്. വിദേശനാണ്യത്തിന്റെ കടുത്ത ക്ഷാമം അർഥമാക്കുന്നത് ഇറക്കുമതി ചെയ്ത സാധനങ്ങൾ വാങ്ങാൻ രാജ്യത്തിന് പണമില്ല എന്നാണ്"- രാജപക്സെ പറഞ്ഞു.
ഭക്ഷണം, പാചകവാതകം, ഇന്ധനം, മരുന്ന് തുടങ്ങി അവശ്യസാധനങ്ങളുടെ കുറവ് മൂലം ജനങ്ങൽ മാസങ്ങളോളമായി ബുദ്ധിമുട്ടുകയാണ്. ലഭ്യമായ പരിമിതമായ സാധനങ്ങൾ വാങ്ങാൻ നീണ്ട ക്യൂ പോലും ആളുകൾക്ക് സഹിക്കേണ്ടി വന്നു. കോവിഡ് വ്യാപനവും കടഭാരവും ഇത് കൂടാതെ തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ ചില തെറ്റുകളും കാരണം കഴിഞ്ഞ രണ്ട് വർഷമായി വലിയ വെല്ലുവിളിയാണ് സർക്കാരിന് നേരിടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.
തെറ്റുകളെല്ലാം തിരുത്തി ജനങ്ങളുടെ വിശ്വാസം നേടിയെടുത്ത് മുന്നോട്ട് പോകേണ്ടതുണ്ട്. കടക്കെണി അഭിമുഖീകരിക്കുന്നതിനായി ഗവൺമെന്‍റ് മുൻകൂട്ടി അന്താരാഷ്ട്ര നാണയ നിധിയെ സമീപിക്കണമായിരുന്നന്നും അദ്ദേഹം പറഞ്ഞു. ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി രാസവളം നിരോധിച്ചത് തെറ്റായ തീരുമാനമായിരുന്നെന്നും രജപക്സെ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.