ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; സജിത് പ്രേമദാസ പിന്മാറി, ഭരണകക്ഷി വിമതന് പിന്തുണ
text_fieldsകൊളംബോ: ശ്രീലങ്കയിൽ ജൂലൈ 20 ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ പിന്മാറി. എസ്.എൽ.പി.പി വിമത നേതാവായ ഡള്ളസ് അഹലപെരുമക്ക് സജിത് പ്രേമദാസ പിന്തുണ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിൽ വിജയസാധ്യത കുറവാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രേമദാസയുടെ പിന്മാറ്റം.
രാജിവെച്ച ഗോടബയ രാജപക്സയുടെ പിൻഗാമിയെ കണ്ടെത്താൻ പാർലമെന്റ് അംഗങ്ങൾ ബുധനാഴ്ച വോട്ട് ചെയ്യും. മുൻ പ്രധാനമന്ത്രിയും കാവൽ പ്രസിഡന്റുമായ റനിൽ വിക്രമസിംഗെ അടക്കം മൂന്നു പേരാണ് മത്സരരംഗത്തുള്ളത്. ഭരണകക്ഷിയായ എസ്.എൽ.പി.പിയുടെ പിന്തുണയുള്ള വിക്രമസിംഗെക്ക് തന്നെയാണ് വിജയസാധ്യത.
പുതിയ പ്രസിഡന്റിന് 2024 നവംബർവരെ കാലാവധിയുണ്ടാകും. ഇന്ന് വരെ നാമനിർദേശ പത്രിക നൽകാം. പ്രക്ഷോഭകരെ ഭയന്ന് രാജ്യം വിട്ട ഗോടബയ പിന്നീട് രാജിസന്ദേശം സ്പീക്കർക്ക് അയച്ചു നൽകുകയായിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കാവൽ പ്രസിഡന്റ് റനിൽ വിക്രമസിംഗെ രാജ്യത്ത് വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
ജനം തെരുവിലിറങ്ങിയതോടെ അടിച്ചമർത്താൻ എളുപ്പവഴിയെന്ന നിലക്ക് ഗോടബയ ഉൾപ്പെടെ നേതാക്കൾ കഴിഞ്ഞ ഏപ്രിൽ മുതൽ പലവട്ടം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ കൊളംബോ നഗരം ശാന്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.