123 ദിവസത്തിനുശേഷം ശ്രീലങ്കയിൽ പ്രക്ഷോഭത്തിന് വിരാമം
text_fieldsകൊളംബോ: ശ്രീലങ്കയിൽ രാജപക്സ കുടുംബത്തിന്റെ ഭരണം അവസാനിപ്പിച്ച ജനകീയ പ്രക്ഷോഭത്തിന് താൽക്കാലിക വിരാമം. സർക്കാർവിരുദ്ധ പ്രക്ഷോഭകരുടെ സിരാകേന്ദ്രമായ ഗോൾ ഫേസ് പ്രോമെനെയ്ഡിൽനിന്നാണ് പ്രക്ഷോഭകർ ബുധനാഴ്ച ഒഴിഞ്ഞുപോയത്.
പ്രക്ഷോഭം തൽക്കാലം നിർത്തുകയാണെന്നും എന്നാൽ, ഭരണസംവിധാനത്തിൽ സമൂല മാറ്റത്തിനായുള്ള പ്രയത്നങ്ങൾ തുടരുമെന്നും പ്രക്ഷോഭകരുടെ വക്താവ് മനോജ് നനയങ്കാര പറഞ്ഞു. 123 ദിവസത്തെ പ്രക്ഷോഭത്തിനാണ് ഇതോടെ അന്ത്യമായത്.
ഏപ്രിൽ ഒമ്പതിന് സർക്കാർവിരുദ്ധ സമരം ശക്തമായതുമുതൽ ഗോൾ ഫേസ് പ്രോമെനെയ്ഡ് ആയിരുന്നു പ്രക്ഷോഭകരുടെ പ്രധാന കേന്ദ്രം. 'ഗോടബയ ഗോട്ട ഗോ' മുദ്രാവാക്യംവിളികളുമായി സദാസമയം സജീവമായിരുന്നു ഇവിടം.
കനത്ത പ്രക്ഷോഭങ്ങൾക്കൊടുവിൽ ജൂലൈ 14ന് ഗോടബയ രാജപക്സ രാജ്യംവിട്ടതോടെ ജനകീയ പ്രതിഷേധം തണുത്തിരുന്നു. എന്നാൽ, ഗോൾഫേസ് പ്രോമെനെയ്ഡിൽ തമ്പടിക്കുന്നത് പ്രക്ഷോഭകർ തുടർന്നു.
റനിൽ വിക്രമസിംഗെ പ്രസിഡന്റായി ചുമതലയേറ്റതോടെയാണ് ശ്രീലങ്കയിൽ രാഷ്ട്രീയ അസ്ഥിരതക്ക് താൽക്കാലിക അന്ത്യമായത്. അധികാരമേറ്റയുടൻ പ്രക്ഷോഭം അടിച്ചമർത്താൻ വിക്രമസിംഗെ സൈന്യത്തിനും പൊലീസിനും നിർദേശം നൽകിയിരുന്നു. ആഗസ്റ്റ് അഞ്ചിനകം ഗോൾ ഫേസ് പ്രോമെനെയ്ഡ് വിട്ടുപോകണമെന്ന് പൊലീസ് പ്രക്ഷോഭകർക്ക് അന്ത്യശാസനം നൽകി. ഇത് തള്ളിയ പ്രക്ഷോഭകർ അപ്പീൽ കോടതിയിൽ ഹരജി നൽകിയിരുന്നു. എന്നാൽ, പിന്നീട് അത് പിൻവലിക്കുകയും പ്രക്ഷോഭം അവസാനിപ്പിക്കാൻ തീരുമാനിക്കുകയുമായിരുന്നു.
രാജപക്സമാരുടെ യാത്രവിലക്ക് നീട്ടി
കൊളംബോ: ശ്രീലങ്കൻ മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സയുടെയും സഹോദരൻ മുൻ ധനമന്ത്രി ബേസിൽ രാജപക്സയുടെയും വിദേശ യാത്രവിലക്ക് സുപ്രീംകോടതി സെപ്റ്റംബർ അഞ്ചു വരെ നീട്ടി.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടവർക്കെതിരെ സമർപ്പിക്കപ്പെട്ട ഹരജിയിലാണ് ഇരുവർക്കും കോടതി ആഗസ്റ്റ് 11 വരെ യാത്രവിലക്കേർപ്പെടുത്തിയിരുന്നത്. അതാണിപ്പോൾ സെപ്റ്റംബർ അഞ്ചുവരെ നീട്ടിയത്. ഇവർക്കൊപ്പം മുൻ സെൻട്രൽ ബാങ്ക് ഗവർണർ അജിത് നിവാർഡ് കാബ്രാളിനും വിലക്കുണ്ട്.
മഹിന്ദയുടെയും ബേസിലിന്റെയും സഹോദരനായ മുൻ പ്രസിഡന്റ് ഗോടബയ രാജപക്സ പ്രക്ഷോഭം രൂക്ഷമായപ്പോൾ രാജ്യംവിട്ടിരുന്നു. മാലദ്വീപ് വഴി ജൂലൈ 14ന് സിംഗപ്പൂരിലെത്തിയ ഗോടബയക്ക് പിന്നീട് സിംഗപ്പൂർ സർക്കാർ വിസ നീട്ടിക്കൊടുക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.