സാമ്പത്തിക, ഊർജ പ്രതിസന്ധി; ക്ഷാമത്തിൽ ഉലഞ്ഞ് ശ്രീലങ്ക
text_fieldsകൊളംബോ: വിദേശനാണ്യ ദൗർലഭ്യം മൂലം രൂക്ഷമായ സാമ്പത്തിക, ഊർജ പ്രതിസന്ധിയിൽ തകർന്ന് ശ്രീലങ്ക. 1948ലെ സ്വാതന്ത്ര്യത്തിനു ശേഷമുള്ള കടുത്ത സാമ്പത്തിക തകർച്ചയെ നേരിടുന്ന രാജ്യത്ത് ഇന്ധനവിതരണം നിരീക്ഷിക്കാനും നിയന്ത്രിക്കാനും സർക്കാർ പെട്രോൾ പമ്പുകളിൽ സൈനികരെ വിന്യസിച്ചു. വൈദ്യുതി തടസ്സം, അവശ്യസാധനങ്ങളായ ഭക്ഷണം, പാചക വാതകം എന്നിവക്കും കടുത്ത ക്ഷാമമാണ്.
തിങ്കളാഴ്ച മണ്ണെണ്ണ വാങ്ങാൻ കഴിയാത്തതിനാൽ രോഷാകുലരായ ജനക്കൂട്ടം കൊളംബോയിലെ തിരക്കേറിയ തെരുവ് ഉപരോധിക്കുകയും മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തതിനെ തുടർന്നാണ് സൈനികരെ വിന്യസിച്ചതെന്ന് അധികൃതർ പറഞ്ഞു. 22 ദശലക്ഷം ജനങ്ങളുള്ള രാജ്യത്തെ ഇന്ധന വ്യാപാരത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും നടത്തുന്ന സർക്കാർ ഉടമസ്ഥതയിലുള്ള സിലോൺ പെട്രോളിയം കോർപറേഷന്റെ പമ്പുകളിൽ ചൊവ്വാഴ്ച രാവിലെയാണ് നിരായുധരായ സൈനികരെ നിയോഗിച്ചത്.
ആളുകൾ കാനുകളിൽ വാങ്ങി അനധികൃതമായി വിൽക്കുന്നതടക്കം പ്രശ്നംപരിഹരിക്കാൻ പെട്രോൾ പമ്പുകളിൽ സൈനികരെ വിന്യസിക്കാൻ തീരുമാനിച്ചതായി ഊർജമന്ത്രി ഗാമിനി ലോക്കുഗെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യാൻ പ്രസിഡന്റ് ഗോടബയ രാജപക്സ ബുധനാഴ്ച എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഉച്ചകോടി വിളിച്ചിട്ടുണ്ട്. എന്നാൽ യോഗം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ ഗ്രൂപ്പുകൾ അറിയിച്ചു.
തലസ്ഥാനത്തിന് പുറത്ത് നീണ്ടവരിയിലെ തന്റെ ഇടത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഒരു ഡ്രൈവർ മോട്ടോർ സൈക്കിൾ യാത്രക്കാരനെ കുത്തിക്കൊന്നതിന് പിന്നാലെയാണ് നടപടി. ശനിയാഴ്ച മുതൽ മൂന്ന് മുതിർന്ന പൗരന്മാരാണ് ഇന്ധനത്തിനായി വരിനിൽക്കെ കുഴഞ്ഞുവീണ് മരിച്ചത്. അതിനിടെ ഇന്ധനം ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിതരണം ഉറപ്പാക്കാൻ ശ്രീലങ്കൻ സർക്കാർ ഇന്ത്യൻ സഹായം തേടിയിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധി നേരിടാൻ ശ്രീലങ്കക്ക് നൂറുകോടി ഡോളർ വായ്പ ഇന്ത്യ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. പെട്രോളിയം ഉൽപന്നങ്ങൾ വാങ്ങാൻ സഹായമായി 500 ദശലക്ഷം യു.എസ് ഡോളർ വായ്പ ഫെബ്രുവരിയിൽ നൽകിയിരുന്നു. കോവിഡ് കാരണം വിനോദസഞ്ചാരത്തിൽനിന്നുള്ള വരുമാനം കുത്തനെ ഇടിഞ്ഞു. വിദേശത്ത് ജോലിചെയ്യുന്ന ശ്രീലങ്കക്കാർ പണമയക്കുന്നതും കുറഞ്ഞു. ഡിസംബറിൽ, കരുതൽ ശേഖരം വെറും ഒരു മാസത്തെ ഇറക്കുമതി അല്ലെങ്കിൽ 100 കോടി യു.എസ് ഡോളറിലേക്ക് കുത്തനെ ഇടിഞ്ഞു. ഭാരിച്ച അന്താരാഷ്ട്ര കടബാധ്യതകൾക്കൊപ്പം വിദേശ കരുതൽ ധനം കൂടി ഇടിഞ്ഞത് ഊർജക്ഷാമത്തിലേക്ക് നയിച്ചു.
ഈ വർഷത്തിന്റെ തുടക്കത്തിൽ ശ്രീലങ്കയുടെ കടബാധ്യത 750 കോടി ഡോളറാണ്. ദൈനംദിന ജീവിതത്തിന്റെ മിക്കവാറും എല്ലാ മേഖലകളെയും ക്ഷാമം തകർത്തു. കടലാസ്, മഷി ക്ഷാമം കാരണം ദശലക്ഷക്കണക്കിന് വിദ്യാർഥികളുടെ പരീക്ഷകൾ കഴിഞ്ഞയാഴ്ച മാറ്റിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.