ദിസ്സനായകെ: സാമൂഹിക ക്ഷേമം ആയുധമാക്കിയ പോരാളി
text_fieldsകൊളംബോ: സായുധ പോരാട്ടങ്ങൾക്ക് പകരം സാമൂഹിക ക്ഷേമ പദ്ധതികളിലൂടെ രാജ്യത്തിന്റെ സാമ്പത്തിക ശക്തി വീണ്ടെടുക്കാമെന്ന് തിരിച്ചറിഞ്ഞ വിപ്ലവകാരിയാണ് അനുര കുമാര ദിസ്സനായകെ. മണിക്കൂറുകൾ കൂലിവേല ചെയ്ത് തുച്ഛമായ വേതനം പറ്റുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരുക എന്ന രാഷ്ട്രീയം വികാരമായി കൊണ്ടുനടന്ന ദിസ്സനായകെക്ക് ഇത്ര ചെറുപ്പത്തിൽ രാജ്യത്തിന്റെ പ്രസിഡന്റ് പദത്തിൽ എത്താൻ കഴിഞ്ഞതിൽ അത്ഭുതമില്ല. സ്കൂൾ പഠനകാലം മുതൽ ഇടതുപക്ഷ സഹയാത്രികനാണ്. അനുരാധപുര ജില്ലയിലെ ഒരു കുഗ്രാമത്തിൽ സാധാരണ തൊഴിലാളിയുടെ മകനായി ജനിച്ച ദിസ്സനായകെക്ക് 7.8 ദശലക്ഷം തൊഴിലാളികളുള്ള കൊച്ചുദ്വീപിന്റെ ചരിത്രം മാറ്റിയെഴുതാൻ കഴിയുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
സോഷ്യലിസം നടപ്പാക്കാൻ രാജ്യത്ത് രണ്ട് സായുധ വിപ്ലവത്തിന് നേതൃത്വം നൽകിയ മാർക്സിസ്റ്റ് -ലെനിനിസ്റ്റ് പാർട്ടിയായ ‘ജനത വിമുക്തി പെരമുന’യിലൂടെയാണ് (ജെ.വി.പി) രാഷ്ട്രീയ രംഗപ്രവേശം. 1987ൽ സർക്കാറിനെതിരെ നടന്ന സായുധ വിപ്ലവ പോരാട്ടത്തിന്റെ തുടക്കത്തിലാണിത്. സോഷ്യലിസ്റ്റ് സ്റ്റുഡന്റ്സ് യൂനിയന്റെ ദേശീയ സംഘാടകനായിരുന്നു ഈ സയൻസ് ബിരുദധാരി. ജെ.വി.പിയുടെ കേന്ദ്ര പ്രവർത്തക സമിതിയിലേക്കും പോളിറ്റ്ബ്യൂറോയിലേക്കും തെരഞ്ഞെടുക്കപ്പെട്ടത് എ.ഡി.കെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ദിസ്സനായകെയുടെ ജീവിതത്തിലെ വഴിത്തിരിവായി. 2000ത്തിലാണ് ആദ്യമായി പാർലമെന്റിലെത്തുന്നത്. 2004ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ശ്രീലങ്ക ഫ്രീഡം പാർട്ടിയുമായി സഖ്യമുണ്ടാക്കിയ ജെ.വി.പി വൻ വിജയം നേടി. കുരുനെഗല ജില്ലയിൽനിന്ന് വിജയിച്ച ദിസ്സനായകെ മന്ത്രിയാവുകയും ചെയ്തു. സൂനാമി ദുരിതാശ്വാസ ഏകോപനത്തിനായി എൽ.ടി.ടി.ഇയുമായി സംയുക്ത സംവിധാനം കൊണ്ടുവരാനുള്ള സർക്കാർ തീരുമാനത്തെ തുടർന്ന് മന്ത്രിപദം രാജിവെച്ചു.
2014ലെ ദേശീയ കൺവെൻഷനിലാണ് സോമവംശ അമരസിംഹയുടെ പകരക്കാരനായി ജെ.വി.പിയുടെ അമരത്തെത്തുന്നത്. പാർട്ടിയുടെ കലുഷിത രാഷ്ട്രീയ പ്രതിച്ഛായ മാറ്റിയെടുക്കാനായിരുന്നു ആദ്യ ശ്രമം. തീവ്ര സോഷ്യലിസ്റ്റ് നിലപാടുകളിൽ ചില വിട്ടുവീഴ്ചകൾ ചെയ്യാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ബോധ്യമായി. സായുധ കലാപം വലിയ തെറ്റായിപ്പോയെന്ന തുറന്നുപറച്ചിൽ സിംഹളരുടെ മനസ്സിലേക്കുള്ള ഒരു തീക്കനലായിരുന്നു.
2019ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആദ്യമായി ജനവിധി തേടിയെങ്കിലും വെറും മൂന്നു ശതമാനം വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. പക്ഷേ, പരാജയം വിജയത്തിലേക്കുള്ള ചുവടുവെപ്പാണെന്ന് തിരിച്ചറിഞ്ഞ ദിസ്സനായകെ സാമ്പത്തിക തകർച്ചയുടെ പശ്ചാത്തലത്തിൽ പുതിയ കാമ്പയിനുകൾക്ക് തുടക്കമിട്ടു.
അഴിമതി നിറഞ്ഞ ഭരണകൂടങ്ങളെ രക്ഷിക്കാൻ മാത്രമാണ് ഐ.എം.എഫ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് അവരുമായി തയാറാക്കിയ കരാറുകൾ പുനഃപരിശോധിക്കണമെന്നാണ് ഈ തെരഞ്ഞെടുപ്പിൽ ഈ ചെറുപ്പക്കാരൻ മുന്നോട്ടുവെച്ച നിലപാട്. അധികാരത്തിലെത്തിയാൽ സാമൂഹിക ക്ഷേമ പദ്ധതികൾക്ക് മുൻഗണന നൽകുമെന്നും ജീവിതച്ചെലവ് വെട്ടിക്കുറക്കുമെന്നും വാഗ്ദാനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.