സ്റ്റേഡിയം ദുരന്തം: മരിച്ചവരിൽ 32 കുട്ടികളും
text_fieldsജകാർത്ത: ഇന്തോനേഷ്യയിൽ ഫുട്ബാൾ സ്റ്റേഡിയത്തിൽ ആരാധകരുടെ പ്രതിഷേധം കലാപമായി മാറിയ സംഭവത്തിൽ മരിച്ചവരിൽ 32 കുട്ടികളും. മൂന്ന് വയസ്സിന് താഴെയുള്ള നാല് കുട്ടികളും ഇതിലുൾപ്പെടും.ആകെ 125 മരണമാണ് റിപ്പോർട്ട് ചെയ്തത്. ചരിത്രത്തിലെ ഏറ്റവും വലിയ കായിക ദുരന്തങ്ങളിലൊന്നാണ് ഈസ്റ്റ് ജാവയിലെ മലങ്ങിലെ കാഞ്ചുരുഹാൻ സ്റ്റേഡിയത്തിൽ നടന്നത്. പരിക്കേറ്റ 323 പേരിലും നല്ലൊരു ശതമാനം കുട്ടികളുണ്ട്.
സംഭവത്തിൽ സർക്കാർ വിശദ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തത്തിലെ ഉത്തരവാദികളെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഇരകളും സാമൂഹിക പ്രവർത്തകരും ആവശ്യപ്പെടുന്നു. സംഭവസ്ഥലം കൂട്ടശ്മശാനം പോലെ ഉണ്ടായിരുന്നെന്നും സ്ത്രീകളെയും കുട്ടികളെയും കൂട്ടിയിട്ടിരിക്കുകയാണെന്നും ദൃക്സാക്ഷിയായ ഇകോ പ്രിയാന്റോ എ.എഫ്.പി വാർത്ത ഏജൻസിയോട് പറഞ്ഞു. പൊലീസിനോടും പട്ടാളത്തോടും സഹായം അഭ്യർഥിച്ചിട്ട് ലഭിച്ചില്ല.
പട്ടാളം അടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പ്രിയാന്റോ കൂട്ടിച്ചേർത്തു. അതിനിടെ അരേമ എഫ്.സി പ്രസിഡന്റ് ജിലാങ് വിദ്യ പ്രമന സമൂഹത്തോട് മാപ്പ് ചോദിച്ചു. ശനിയാഴ്ച രാത്രി അരേമ എഫ്.സി ബദ്ധവൈരികളായ പെർസേബയ എഫ്.സിയോട് 3-2ന് തോറ്റതാണ് ആരാധകരുടെ പ്രതിഷേധത്തിനും കലാപത്തിനും വഴിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.