അഫ്ഗാനിലെ പാക് കോൺസുലേറ്റിന് മുന്നിലെ തിരക്കിൽപ്പെട്ട് 11 പേർ മരിച്ചു
text_fieldsകാബൂൾ: രാജ്യം വിടാൻ വിസ ലഭിക്കുന്നതിനായി പാക് കോൺസുലേറ്റിന് മുന്നിൽ കാത്തുനിന്ന ആളുകൾക്കിടയിലുണ്ടായ തിക്കും തിരക്കിലുംപെട്ട് 11 സ്ത്രീകൾ കൊല്ലപ്പെട്ടു. പാക് വിസക്കായി സോക്കർ സ്റ്റേഡിയത്തിനുള്ളിൽ ആയിരക്കണക്കിനാളുകളാണ് തടിച്ചുകൂടിയിരുന്നത്. തിരക്കിൽ ചവിട്ടേറ്റ് 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മരിച്ചവരിൽ ഭൂരിഭാഗവും അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പ്രായമായവരാണെന്ന് നംഗർഹാർ പ്രവിശ്യ ഗവർണറുടെ വക്താവ് അറിയിച്ചു. പരിക്കേറ്റവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്.
കോവിഡ് വ്യാപനം മൂലം നംഗർഹാറിലെ പാകിസ്താൻ കോൺസുലേറ്റ് എട്ട് മാസത്തോളം അടച്ചിരുന്നു. സെപ്റ്റംബറിൽ തുറന്ന എംബസിയിൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വലിയ ജനക്കൂട്ടത്തെ പ്രതീക്ഷിച്ച് ഉദ്യോഗസ്ഥർ സ്റ്റേഡിയം ഉപയോഗിക്കാൻ തീരുമാനിക്കുകയും 320 ഉദേയാഗസ്ഥരെ ചുമതലപ്പെടുത്തുകയുമായിരുന്നു.
ഇസ്ലാമാബാദ് സൗഹൃദ വിസ പോളിസി അംഗീകരിച്ചുകൊണ്ട് അതിർത്തി തുറന്നതോടെ ഒരാഴ്ചക്കിടെ 19,000 വിസകൾ നൽകിയതായി കാബൂളിലെ പാക് എംബസി അറിയിച്ചു.
കഴിഞ്ഞ ദിവസം വടക്കൻ അഫ്ഗാനിസ്താനിൽ താലിബാൻ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 34 അഫ്ഗാൻ പൊലീസുകാർ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരിയിൽ അമേരിക്കയുമായി കരാർ ഒപ്പുവെച്ച ശേഷം താലിബാനും അഫ്ഗാൻ സർക്കാരും തമ്മിൽ സമാധാന ചർച്ചകൾ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഭീകരമായ ആക്രമണമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.