ഗസ്സ കൂട്ട പട്ടിണിമരണ വക്കിൽ
text_fieldsഗസ്സ: ഇസ്രായേൽ കുരുതി തുടരുന്ന ഗസ്സയിൽ പട്ടിണിമരണം വ്യാപകമാവുമെന്ന സൂചന നൽകി രണ്ടു മാസം പ്രായമുള്ള കുഞ്ഞ് വിശന്നുമരിച്ചു. ഗസ്സയിൽ പട്ടിണിമൂലം കുരുന്നുകളുടെ കൂട്ടമരണം സംഭവിക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നൽകി ദിവസങ്ങൾക്കകമാണ് ദാരുണ സംഭവം.
കുഞ്ഞിനെയുംകൊണ്ട് തെരുവിൽ സഹായത്തിന് കേഴുന്ന സ്ത്രീയെ മറ്റുള്ളവർ ആശുപത്രിയിലെത്തിച്ചു. ഈ സമയം ശ്വാസമെടുക്കാൻപോലും ബുദ്ധിമുട്ടുകയായിരുന്നു കുഞ്ഞ്. പട്ടിണിയും പോഷകാഹാരക്കുറവുമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.
ദിവസങ്ങളായി കുട്ടിക്ക് പാൽ നൽകാൻ സാധിച്ചിരുന്നില്ല. കുഞ്ഞുങ്ങൾക്കുള്ള പാൽ ഗസ്സയിലൊരിടത്തും കിട്ടാനില്ല. ഇസ്രായേൽ പട്ടിണിയെ ആയുധമാക്കി ഉപയോഗിക്കുകയാണെന്നും ഗസ്സയിലെ 23 ലക്ഷം ജനങ്ങൾ ക്ഷാമത്തിലാണെന്നും ഐക്യരാഷ്ട്ര സഭ ചൂണ്ടിക്കാട്ടുന്നു. ജീവൻ നിലനിർത്താനായി ചെറു ചെടികൾ പറിച്ചെടുത്ത് ഭക്ഷിക്കേണ്ട ദയനീയാവസ്ഥയിലാണ് ഫലസ്തീനികൾ. ഗസ്സയിലേക്കുള്ള ഭക്ഷ്യവിതരണം പൂർണമായും നിലച്ചിരിക്കുകയാണ്.
ഭക്ഷ്യവസ്തുക്കളുമായി പോകുന്ന ട്രക്കുകൾപോലും ആക്രമിക്കപ്പെടുന്ന സാഹചര്യത്തിൽ ‘വേൾഡ് ഫുഡ് പ്രോഗ്രാം’ ഭക്ഷ്യവിതരണം പൂർണമായി നിർത്തിയിരുന്നു. ഭക്ഷണത്തിന്റെയും ശുദ്ധജലത്തിന്റെയും അഭാവം ഗസ്സയിലുടനീളം രോഗവ്യാപനത്തിനും കുഞ്ഞുങ്ങളുടെ കൂട്ടമരണത്തിനും കാരണമാകുമെന്ന് യു.എൻ ഏജൻസികളും മുന്നറിയിപ്പ് നൽകുന്നു.
24 മണിക്കൂറിനിടെ 86 പേർ കൂടി കൊല്ലപ്പെട്ടതോടെ ഗസ്സ യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികൾ 29,692 ആയി. 24 മണിക്കൂറിനിടെ 131 പേർ ഉൾപ്പെടെ 69,879 പേർക്ക് പരിക്കേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.