അന്താരാഷ്ട്ര കോടതിയിൽ ഇസ്രായേലിനെതിരെ രൂക്ഷ വിമർശനവുമായി രാജ്യങ്ങൾ
text_fieldsഹേഗ്: ഇസ്രായേൽ തുടരുന്ന വംശഹത്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വാദം തുടരുന്നു. ദക്ഷിണാഫ്രിക്കക്കുപുറമെ മൊഴി നൽകിയ അൽജീരിയ, സൗദി അറേബ്യ അടക്കം രാജ്യങ്ങൾ ഇസ്രായേലിനെതിരെ ഏറ്റവും കടുത്ത വിമർശനമാണ് ഉന്നയിച്ചത്. തങ്ങളുടെ രാജ്യത്ത് കഴിഞ്ഞ നൂറ്റാണ്ടിൽ കറുത്ത വർഗക്കാർക്കെതിരെ അരങ്ങേറിയ അപ്പാർത്തീഡിനേക്കാൾ ഭീകരമായ മനുഷ്യത്വരഹിതമായ വിവേചന നടപടികളാണ് ഇസ്രായേൽ തുടരുന്നതെന്ന് നെതർലൻഡ്സിലെ ദക്ഷിണാഫ്രിക്കൻ അംബാസഡർ വുസി മഡോൺസെല പറഞ്ഞു. ഗസ്സയിലുള്ളവരെ മനുഷ്യരായി കാണുന്നതിനുപകരം ഒഴിവാക്കിക്കളയേണ്ട വസ്തുക്കളായാണ് ഇസ്രായേൽ കണക്കാക്കുന്നതെന്ന് സൗദി അറേബ്യയുടെ പ്രതിനിധി പറഞ്ഞു. കഴിഞ്ഞ ദിവസം ഫലസ്തീൻ പ്രതിനിധിയും സമാന അഭിപ്രായം പങ്കുവെച്ചിരുന്നു. നെതർലൻഡ്സ്, ബംഗ്ലാദേശ് അടക്കം മറ്റു രാജ്യങ്ങളും ഇസ്രായേലിനെതിരെ മൊഴി നൽകി. ഇസ്രായേലി പാർലമെന്റംഗം രാജ്യാന്തര കോടതിയിലെ ദക്ഷിണാഫ്രിക്കൻ നീക്കത്തെ പിന്തുണച്ചിരുന്നു. ഇതിന്റെ പേരിൽ പാർലമെന്റിൽനിന്ന് അദ്ദേഹത്തെ പുറത്താക്കാൻ വോട്ടിങ് നടന്നെങ്കിലും 120 അംഗ സഭയിൽ ആവശ്യമായ 90 വോട്ട് ലഭിക്കാത്തതിനാൽ തള്ളപ്പെട്ടു.
നാലുമാസം പിന്നിട്ട ഗസ്സ വംശഹത്യയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29,000 പിന്നിട്ടിട്ടുണ്ട്. മുനമ്പിൽ ഭക്ഷണം കിട്ടാതെ പിടഞ്ഞുവീഴുന്ന കുരുന്നുകളുടെ എണ്ണം കുത്തനെ ഉയരുകയാണെന്ന് കുട്ടികൾക്കായുള്ള യു.എൻ ഏജൻസി യുനിസെഫ് പറഞ്ഞു. ഇവിടെ 90 ശതമാനത്തിലേറെ കുട്ടികളും ഭക്ഷണം കിട്ടാതെ പ്രയാസപ്പെടുകയാണ്. 70 ശതമാനത്തിലേറെ കുട്ടികളിലും വയറിളക്കമുണ്ട്. പകർച്ചവ്യാധികളും പിടിമുറുക്കുകയാണെന്ന് സംഘടന പറഞ്ഞു. ഇസ്രായേൽ ആശുപത്രികളെ ലക്ഷ്യമിടുകയാണെന്ന് ലോകാരോഗ്യ സംഘടനയും അറിയിച്ചു. നൂറിലേറെ രോഗികളുള്ള ദക്ഷിണ ഗസ്സയിലെ ഏറ്റവും വലിയ ചികിത്സാകേന്ദ്രമായ നാസർ ആശുപത്രിയിൽ വൈദ്യുതിയും വെള്ളവും മുടക്കിയാണ് ഇസ്രായേൽ ക്രൂരത തുടരുന്നത്. നിരവധി ഡോക്ടർമാരും അകത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്.
അതിനിടെ, വടക്കൻ ഗസ്സയിൽ വീണ്ടും ആക്രമണത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗസ്സയിൽ കൂട്ട ബോംബിങ് തുടരുന്ന ഇസ്രായേൽ വെസ്റ്റ് ബാങ്കിൽ റെയ്ഡും തുടരുകയാണ്. ഇതിനകം 7,120 പേരെയാണ് ഇവിടെനിന്ന് കസ്റ്റഡിയിലെടുത്തത്.
വെടിനിർത്തൽ ചർച്ചകൾക്കായി ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ കൈറോയിലെത്തിയതായും റിപ്പോർട്ടുണ്ട്. ഇസ്രായേലിൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ അദ്ദേഹത്തിന്റെ വസതിയിലേക്ക് മാർച്ചും നടന്നു. ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്.
വംശഹത്യ തുടരുമ്പോഴും വീണ്ടും വീറ്റോയുമായി യു.എസ്
വാഷിങ്ടൺ: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന കുരുതിക്കെതിരെ ആഗോള സമ്മർദം ശക്തമാകുന്നതിനിടെ യു.എൻ രക്ഷാസമിതിയിൽ അറബ് രാജ്യങ്ങൾ കൊണ്ടുവന്ന അടിയന്തര വെടിനിർത്തൽ പ്രമേയവും വീറ്റോ ചെയ്യുമെന്ന് പ്രഖ്യാപിച്ച് യു.എസ്. യു.എന്നിലെ യു.എസ് അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡാണ് വെടിനിർത്തൽ പ്രമേയത്തിനെതിരാണ് തന്റെ രാജ്യമെന്ന് അറിയിച്ചത്. ഇതിനുപകരം ആറാഴ്ചത്തേക്ക് താൽക്കാലിക വെടിനിർത്തൽ പ്രമേയം യു.എസ് നേരിട്ട് അവതരിപ്പിക്കുമെന്നും ലിൻഡ പറഞ്ഞു.
ആദ്യമായാണ് യു.എസ് നേരിട്ട് വെടിനിർത്തൽ പ്രമേയം അവതരിപ്പിക്കുന്നത്. എല്ലാ ബന്ദികളെയും വിട്ടയക്കൽ, മാനുഷിക സഹായം എത്തിക്കുന്നതിന് എല്ലാ തടസ്സങ്ങളും നീക്കൽ എന്നിവക്ക് വിധേയമായിട്ടായിരിക്കും യു.എസ് മുന്നോട്ടുവെക്കുന്ന താൽക്കാലിക വെടിനിർത്തൽ പ്രമേയം. യു.എൻ പൊതുസഭയിലെ 193 അംഗ രാജ്യങ്ങളിൽ മഹാഭൂരിപക്ഷത്തിന്റെയും പിന്തുണയോടെയാണ് അറബ് രാജ്യങ്ങൾ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്. 22 അംഗ അറബ് ഗ്രൂപ്പിന്റെ ഈ മാസത്തെ അധ്യക്ഷ പദവി വഹിക്കുന്ന തുനീഷ്യയുടെ നേതൃത്വത്തിലാണ് പ്രമേയം. വെടിനിർത്തലിനൊപ്പം ബന്ദി മോചനവും ഫലസ്തീനികളുടെ നിർബന്ധിത കുടിയൊഴിപ്പിക്കൽ അവസാനിപ്പിക്കലും ഈ പ്രമേയം മുന്നോട്ടുവെക്കുന്നു.
എന്നാൽ, തിടുക്കപ്പെട്ട് വോട്ട് ചെയ്യേണ്ടതില്ലെന്നാണ് രാജ്യത്തിന്റെ നിലപാടെന്ന് മുതിർന്ന അമേരിക്കൻ പ്രതിനിധിയെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. മൂന്നാഴ്ചയായി ഇതേ പ്രമേയത്തിൽ ചർച്ചകൾ നടന്നതിനൊടുവിലാണ് പ്രമേയം വോട്ടിങ്ങിനെത്തുന്നത്. യു.എസ് ആവശ്യപ്പെട്ടായിരുന്നു ഇത്രയും നാൾ വൈകിച്ചത്. വെടിനിർത്തൽ നീക്കം മുന്നോട്ടുപോകുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഖത്തർ വ്യക്തമാക്കിയിരുന്നു. രക്ഷാസമിതിയിൽ പ്രമേയം വീറ്റോ ചെയ്യപ്പെട്ടാൽ യു.എൻ പൊതുസഭയിൽ ഇതേ പ്രമേയം എത്താനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.