ഹിരോഷിമയും നാഗസാക്കിയും കൊല്ലാതെവിട്ട സുറ്റോമു യമഗൂച്ചി
text_fieldsലോക ചരിത്രത്തിൽ ഒരേ സമയം ഇത്രത്തോളം ഭാഗ്യവാനും നിർഭാഗ്യവാനുമായ ഒരാൾ വേറെയുണ്ടാവില്ല എന്നുതന്നെ പറയേണ്ടിവരും, ജപ്പാനീസ് പൗരനായ സുറ്റോമു യമഗൂച്ചിയുടെ കഥ കേൾക്കുേമ്പാൾ. ആഗസ്റ്റ് 6, 9 തീയതികൾ േലാകത്തിന് ഒരിക്കലും മറക്കാൻ സാധിക്കില്ല. ഇൗ രണ്ട് ദിവസങ്ങളിലായാണ് ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്കയുടെ അണുബോംബ് വർഷം നടന്നത്.
1945 ആഗസ്റ്റ് ആറിന് 'ലിറ്റിൽ ബോയ്' എന്ന ഹിരോഷിമയുടെ അന്തകനെയും വഹിച്ചുകൊണ്ട് 'എനോള ഗെ' എന്ന പേരുള്ള ബി 29 എന്ന വിമാനം പറന്നത് ഒന്നര ലക്ഷത്തോളം മനുഷ്യജീവിതങ്ങൾ നിമിഷാർധം കൊണ്ട് ചുട്ട് ചാമ്പലാക്കിയാണ്. ആഗസ്റ്റ് ഒമ്പതിന് നാഗസാക്കിയിലെ 40,000ത്തിലേറെ വരുന്ന മനുഷ്യ ജീവനുകൾ ഇല്ലാതാക്കിക്കൊണ്ട് 'ഫാറ്റ്മാൻ' എന്ന അണുബോംബുകൂടി ജപ്പാനെ തകർത്തു. ഇൗ രണ്ട് അണുബോംബ് ആക്രമണങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട വ്യക്തിയാണ് സുറ്റോമു യമഗൂച്ചി. 1945 ആഗസ്റ്റ് ആറിന് ഹിരോഷിമയില്‍ അണുബോംബ് പതിക്കുേമ്പാൾ മിത്സുബിഷി ഹെവി ഇൻഡസ്ട്രിസിൽ എൻജിനീയറായി പ്രവർത്തിക്കുകയായിരുന്നു അന്ന് 29കാരനായിരുന്ന യമഗൂച്ചി. കമ്പനി ഏൽപ്പിച്ച ഒരാഴ്ചത്തെ ജോലി തീർക്കാൻ ഹിരോഷിമയിലെത്തി മടങ്ങേണ്ട ദിവസമായിരുന്നു ആഗസ്റ്റ് ആറ്. എല്ലാ ജോലികളും തീർത്തുവെന്ന് ഉറപ്പാക്കാൻ കമ്പനിയിൽ യമഗൂച്ചി അന്ന് രാവിലെ ഒന്നുകൂടി എത്തി. നാഗസാക്കിയിൽ തന്നെ കാത്തിരിക്കുന്ന ഭാര്യയുടെയും കുഞ്ഞിെൻറയും അടുത്തെത്താനുള്ള ആവേശത്തിലായിരുന്നു അയാൾ അപ്പോൾ.
സമയം രാവിലെ 8.15. ആകാശത്തുനിന്ന് പാരച്യൂട്ട് പോലുള്ള ഒരു ഉപകരണത്തിൽ എന്തോ ഒന്ന് വളരെ ദൂരെ താേഴക്ക് പതിക്കുന്നത് യമഗൂച്ചി കണ്ടു. അധികം വൈകാതെ കാതടപ്പിക്കുന്ന ശബ്ദവും കൂൺകണക്കെ പൊങ്ങുന്ന പുകപടലങ്ങളും. വൈകാതെതെന്ന ഒരു കൊടുങ്കാറ്റിെൻറ ആഘാതത്തിൽപെട്ടതുപോലെ യമഗൂച്ചി എങ്ങോേട്ടാ തെറിച്ചുവീണു. ഒരുപാടു സമയം കഴിഞ്ഞു ബോധം വരുേമ്പാൾ ഒരു വയലിൽ കിടക്കുകയായിരുന്നു അദ്ദേഹം. ദേഹത്ത് പലയിടങ്ങളിലും പൊള്ളലേറ്റിരുന്നു, ഒന്നും കേൾക്കാൻ കഴിയില്ലായിരുന്നു. പിന്നീടാണ് എന്താണ് സംഭവിച്ചത് എന്ന കാര്യം അദ്ദേഹത്തിന് വ്യക്തമാകുന്നത്. പ്രാഥമിക ശുശ്രൂഷയെല്ലാം കഴിഞ്ഞ് യമഗൂച്ചി അന്ന് രാത്രി ഹിരോഷിമയില്‍ കഴിച്ചുകൂട്ടിയ ശേഷം പിറ്റേ ദിവസം 300 കിലോമീറ്റര്‍ അകലെയുള്ള ജന്മനാടായ നാഗസാക്കിയിലേക്ക് മടങ്ങി. ആഗസ്റ്റ് എട്ടിന് രാവിലെ തെന്ന അദ്ദേഹം ഭാര്യയുടെയും കുഞ്ഞിെൻറയും അടുത്തെത്തി. ദേഹമാസകലം പൊള്ളലേറ്റ യമഗൂച്ചി വൈകാതെ സുഹൃത്തായ ഡോക്ടറുടെ അടുത്തെത്തി പൊള്ളലേറ്റയിടങ്ങളിൽ വേണ്ട ചികിത്സയും നടത്തി.
അതേസമയം, യമഗൂച്ചിയുടെ ഒാഫിസിൽനിന്ന് ഒരു അറിയിപ്പെത്തി. ആഗസ്റ്റ് ഒമ്പതിന് രാവിലെ 11 മണിക്കുമുമ്പ് ഹിരോഷിമയിലെ കമ്പനിയിലുണ്ടായ എല്ലാ കാര്യങ്ങളുടെയും കൃത്യമായ റിപ്പോർട്ട് ആവശ്യപ്പെട്ടുെകാണ്ടുള്ള അറിയിപ്പായിരുന്നു അത്. മീറ്റിങ്ങിൽ കമ്പനി ഡയറക്ടറെ ഹിരോഷിമയിൽ നടന്ന കാര്യങ്ങൾ വിശദമായി ധരിപ്പിച്ചെങ്കിലും അതൊന്നും വിശ്വസിക്കാൻ അദ്ദേഹം തയാറായിരുന്നില്ല. ഒരു ബോംബിന് ഒരു നാട് മൊത്തം ചുട്ടുകരിക്കാനുള്ള ശേഷിയൊന്നും ഒരിക്കലുമുണ്ടാകില്ല എന്നായിരുന്നു അദ്ദേഹത്തിെൻറ വാദം. ആ വാദപ്രതിവാദങ്ങൾ നടക്കുന്നതിനിടക്കുതന്നെ, 11.02ന് ശക്തമായ ഒരു ശബ്ദത്തോടുകൂടി മിത്സുബിഷിയുടെ ബിൽഡിങ് വിറച്ചുതുടങ്ങി. പുറത്ത് അന്ന് ഹിരോഷിമയിൽ കണ്ട കൂൺകണക്കെയുള്ള പുകപടലങ്ങൾ മുകളിലേക്കുയരുന്നു. തെൻറ ഭാര്യയെയും കുഞ്ഞിനെയും കാണാൻ പെട്ടന്ന് വീട്ടിലേക്കുപോയ യമഗൂച്ചി കണ്ടത് പാതി തകർന്ന തെൻറ താമസസ്ഥലമാണ്. ഭാഗ്യവശാൽ സ്ഫോടനം വീട് തകർക്കുേമ്പാൾ ഭാര്യയും കുഞ്ഞും അവിടെ ഉണ്ടായിരുന്നില്ല. അവിടെയും ഭാഗ്യം യമഗൂച്ചിക്കൊപ്പംനിന്നു.
ജപ്പാന്‍ സര്‍ക്കാറിെൻറ രേഖകള്‍ പ്രകാരം രണ്ടിടത്ത് ബോംബ് വര്‍ഷിച്ചപ്പോഴും സ്ഥലത്തുണ്ടായിരുന്ന ഏക വ്യക്തി യമഗൂച്ചിയാണ്. വർഷങ്ങൾക്ക് ശേഷം 2009 മാർച്ച് 24നാണ് ജപ്പാനീസ് സർക്കാർ ഇക്കാര്യം ഒൗദ്യോഗികമായി അംഗീകരിക്കുന്നത്. രണ്ട് തവണ റേഡിയോ വികിരണങ്ങളിൽ നിന്നും രക്ഷപ്പെട്ട തന്‍റെ കഥ മരണ ശേഷവും ആറ്റംബോംബിന്‍റെ ഭീകരതയെക്കുറിച്ച് പുതിയ തലമുറയ്ക്ക് അറിവ് പകർന്ന് നല്‍കാൻ സഹായകാമാകുമെന്നായിരുന്നു യമഗൂച്ചി കരുതിയിരുന്നത്. 93ാം വയസ്സിൽ 2010 ജനുവരി നാലിന് ആമാശയത്തിൽ കാൻസർ ബാധിച്ച് അദ്ദേഹം മരണത്തിന് കീഴടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.