അജ്ഞാത പേടക ഭീതിയിൽ വടക്കൻ അമേരിക്ക
text_fieldsവാഷിങ്ടൺ: അമേരിക്കയും കാനഡയും അടങ്ങുന്ന വടക്കൻ അമേരിക്കയെ ഭീതിയിലാഴ്ത്തി അജ്ഞാത പേടകങ്ങൾ. ഫെബ്രുവരി നാലിന് ചൈനീസ് ബലൂൺ, മിസൈൽ ഉപയോഗിച്ച് തകർത്തതിനുശേഷം മൂന്ന് അജ്ഞാത പേടകങ്ങളാണ് അമേരിക്കയുടെയും കാനഡയുടെയും ആകാശത്ത് കണ്ടെത്തിയത്.
ചെറുകാറിന്റെ വലുപ്പത്തിലുള്ള ഇവ അമേരിക്കൻ യുദ്ധ വിമാനങ്ങൾ വീഴ്ത്തിയെങ്കിലും പൂർണമായും ആശങ്ക ഒഴിയുന്നില്ല. ഇവ ആരാണ് അയച്ചതെന്നോ ലക്ഷ്യമെന്തെന്നോ അമേരിക്കൻ-കനേഡിയൻ സുരക്ഷ അധികൃതർക്ക് വ്യക്തമാക്കാനായിട്ടില്ല. ഫെബ്രുവരി 10ന് അലാസ്കക്ക് മുകളിലും ഫെബ്രുവരി 11ന് കാനഡയിലെ യുകോൺ പ്രദേശത്തിന് മുകളിലും ഫെബ്രുവരി 12ന് അമേരിക്ക- കാനഡ അതിർത്തിയിലെ ഹുറോൺ തടാകത്തിന് മുകളിലുമാണ് പേടകങ്ങൾ കണ്ടത്. പേടകങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്താൻ ബോട്ടും വിമാനവും അടക്കം തിരച്ചിൽ തുടരുകയാണ്.
അതേസമയം, ബലൂണിന്റെ പേരിൽ മോശമായ അമേരിക്ക- ചൈന ബന്ധത്തിൽ കൂടുതൽ വിള്ളൽ വീഴ്ത്തി, അമേരിക്ക നിരന്തരം വ്യോമാതിർത്തി ലംഘിച്ചെന്ന ആരോപണവുമായി ചൈന രംഗത്തെത്തി. കഴിഞ്ഞ വർഷം പത്തിലധികം പ്രാവശ്യം തങ്ങളുടെ വ്യോമ മേഖലയിലൂടെ അമേരിക്ക ബലൂണുകൾ പറത്തിയെന്നും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.