പടിഞ്ഞാറിനെ ഉലച്ച് വിദ്യാർഥി പ്രക്ഷോഭം; ചൂടുപിടിച്ച് ഗസ്സ വെടിനിർത്തൽ ചർച്ചകൾ
text_fieldsവാഷിങ്ടൺ: ഗസ്സ വംശഹത്യക്കെതിരെ യു.എസ് വാഴ്സിറ്റികളിൽ ആളിപ്പടർന്ന വിദ്യാർഥി പ്രക്ഷോഭം യൂറോപ്പിലേക്കും പടരുന്നു. കാമ്പസുകൾ സമരത്തീയിൽ തിളച്ചുമറിയുന്നതിനു പിന്നാലെ ഗസ്സയിൽ വെടിനിർത്തൽ അതിവേഗത്തിലാക്കാൻ തിരക്കിട്ട നീക്കങ്ങളുമായി യു.എസ്, ഫ്രഞ്ച് നേതാക്കൾ പശ്ചിമേഷ്യയിലെത്തി. മധ്യസ്ഥരായി സൗദി അറേബ്യയും രംഗത്തിറങ്ങി. യു.എസ് വാഴ്സിറ്റികളിൽ തമ്പുകളുയർത്തി വിദ്യാർഥി സമൂഹം തുടരുന്ന ഫലസ്തീൻ സമരം അടിച്ചമർത്താൻ എല്ലാ നീക്കങ്ങളും പരാജയമായതോടെ അറസ്റ്റ് തുടരുകയാണ്.
വിദ്യാർഥികളും അധ്യാപകരും ജീവനക്കാരുമായി കഴിഞ്ഞദിവസം മാത്രം 200 പേരെയാണ് വിവിധ സ്ഥാപനങ്ങളിൽനിന്ന് കസ്റ്റഡിയിലെടുത്തത്. തീവ്രവാദ വിരുദ്ധവിഭാഗത്തെ വരെ ഇറക്കിയാണ് ചില സ്ഥാപനങ്ങൾ പ്രക്ഷോഭം നേരിടുന്നത്. 1968ലെ വിയറ്റ്നാം യുദ്ധകാല പ്രക്ഷോഭത്തിന്റെ അലകളുയർത്തുന്ന ഫലസ്തീൻ സമരങ്ങൾ കൂടുതൽ പടർന്നാൽ പിടിച്ചുകെട്ടൽ പ്രയാസകരമാകുമെന്നാണ് അധികൃതരുടെ ആശങ്ക. ബ്രിട്ടൻ, ഫ്രാൻസ്, ആസ്ട്രേലിയ, ഇറ്റലി രാജ്യങ്ങളിലെ വിവിധ സർവകലാശാലകളിലും ഇസ്രായേൽ വിരുദ്ധ പ്രക്ഷോഭം പടരുകയാണ്.
ഇതിനുപിന്നാലെ അടിയന്തര വെടിനിർത്തൽ ലക്ഷ്യമിട്ട് അമേരിക്കയുടെയും ഫ്രാൻസിന്റെയും മുതിർന്ന പ്രതിനിധികൾ പശ്ചിമേഷ്യയിലെത്തുന്നുണ്ട്. മധ്യസ്ഥ ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന സൗദി അറേബ്യയിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ തിങ്കളാഴ്ച എത്തും. ലോക സാമ്പത്തിക ഫോറം നടക്കുന്ന റിയാദിൽ ഇതോടനുബന്ധിച്ചാകും ഗസ്സ വെടിനിർത്തൽ ചർച്ചകളും നടക്കുക. ഫ്രഞ്ച് വിദേശകാര്യ മന്ത്രി സ്റ്റീഫൻ സെജോണും ചർച്ചകളിൽ പങ്കാളികളാകും.
സെജോൺ ഞായറാഴ്ച ലബനാനിലെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല രാജകുമാരന്റെ അധ്യക്ഷതയിൽ ഈജിപ്ത്, ഖത്തർ, ജോർഡൻ, യു.എ.ഇ, ഫലസ്തീൻ പ്രതിനിധികളുടെ വെടിനിർത്തൽ ചർച്ച നടന്നിരുന്നു. മധ്യസ്ഥ ചർച്ചകൾക്കായി ഹമാസ് പ്രതിനിധി സംഘം തിങ്കളാഴ്ച ഈജിപ്തിലെ കൈറോയിലെത്തും. കഴിഞ്ഞദിവസം ഇസ്രായേൽ പുതിയ വെടിനിർത്തൽ നിർദേശം സമർപ്പിച്ചിരുന്നു.
20 ബന്ദികളെ മോചിപ്പിക്കുന്നതിനുപകരം ആറാഴ്ച വെടിനിർത്താമെന്നും തുടർനടപടികൾ പിന്നീട് ചർച്ച ചെയ്യാമെന്നുമാണ് ഇസ്രായേൽ നിർദേശം. അതേസമയം, ഗസ്സയിൽ വെടിനിർത്തൽ നടപ്പാകുന്നതിനുപിന്നാലെ തനിക്കെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്ന ആശങ്ക ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ പിന്തിരിപ്പിക്കുന്നതായി ഇസ്രായേൽ മാധ്യമങ്ങൾ പറയുന്നു. മുതിർന്ന ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥർക്കെതിരെയും വാറന്റുണ്ടാകും. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം അടിയന്തര യോഗം പ്രധാനമന്ത്രിയുടെ ഓഫിസ് വിളിച്ചുചേർത്തതായി ഇസ്രായേൽ ടെലിവിഷനായ ചാനൽ 12 റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.