അരിസോണയിലും വിജയം; യു.എസിൽ ട്രംപ് ആധിപത്യം
text_fieldsവാഷിങ്ടൺ: അരിസോണ സംസ്ഥാനത്തിന്റെ ഫലംകൂടി പ്രഖ്യാപിച്ചതോടെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യക്തമായി. അരിസോണയും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസിനെ കൈവിട്ടതോടെ ഏഴ് തന്ത്രപ്രധാന സ്റ്റേറ്റുകളിലും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപ് വിജയിച്ചു. യു.എസിന്റെ 47ാമത് പ്രസിഡന്റായി ജനുവരി 20ന് ട്രംപ് അധികാരമേൽക്കും. തെരഞ്ഞെടുപ്പ് ഫലത്തെ ഏറ്റവും സ്വാധീനിക്കുന്ന മറ്റ് ആറ് സംസ്ഥാനങ്ങളായ നെവാഡ, വിസ്കോൺസൻ, മിഷിഗൻ, പെൻസൽവേനിയ, നോർത്ത് കരോലൈന, ജോർജിയ എന്നിവിടങ്ങളിൽ ട്രംപിന്റെ വിജയം പ്രഖ്യാപിച്ചിരുന്നു.
ഇതോടെ ട്രംപ് മൊത്തം 312 ഇലക്ടറൽ വോട്ടുകൾ സ്വന്തമാക്കി. 226 വോട്ടുകൾ നേടാൻ മാത്രമാണ് കമലക്ക് കഴിഞ്ഞത്. സെനറ്റിലും ജനപ്രതിനിധി സഭയിലും ഭൂരിപക്ഷം തെളിയിക്കാൻ ട്രംപിന് മൊത്തം 270 വോട്ടുകൾ മാത്രമാണ് വേണ്ടിയിരുന്നത്. ആദ്യ തവണ പ്രസിഡന്റായ 2016ലെ തെരഞ്ഞെടുപ്പിൽ 304 ഇലക്ടറൽ വോട്ടുകളാണ് ട്രംപ് നേടിയിരുന്നത്. രണ്ട് ഇംപീച്ച്മെന്റുകളും നിരവധി ക്രിമിനൽ കേസുകളും നിലനിൽക്കെയാണ് ട്രംപ് വൻ ഭൂരിപക്ഷത്തിന് വിജയിച്ചത്.
1996ൽ ബിൽ ക്ലിന്റന് ശേഷം അരിസോണയിൽ വിജയിച്ച ആദ്യ ഡെമോക്രാറ്റായിരുന്നു പ്രസിഡന്റ് ജോ ബൈഡൻ. ഈ ചരിത്രമാണ് ട്രംപ് തിരുത്തിയത്. ഇത്തവണ ഡെമോക്രാറ്റുകളിൽനിന്ന് ട്രംപ് പിടിച്ചെടുത്ത ആറാമത്തെ സംസ്ഥാനമാണ് അരിസോണ. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ കുടിയേറ്റക്കാർ എത്തിയത് അരിസോണയിലായിരുന്നു. അതിർത്തി സുരക്ഷ, കുടിയേറ്റം, കുടിയേറ്റക്കാരുടെ കുറ്റകൃത്യങ്ങൾ തുടങ്ങിയ വിഷയങ്ങളിലൂന്നിയായിരുന്നു ഇവിടെ ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.