‘മനുഷ്യരാശിയുടെ വിജയം കൂട്ടായ്മയിൽ, യുദ്ധക്കളത്തിലല്ല’; യു.എൻ പൊതുസഭയിൽ മോദി
text_fieldsന്യൂയോർക്ക്: മനുഷ്യരാശിയുടെ വിജയം യുദ്ധക്കളത്തിലല്ല, കൂട്ടായ്മയിലാണെന്ന് യു.എൻ പൊതുസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള സമാധാനത്തിനും വികസനത്തിനും ലോക സംഘടനകളിലെ പരിഷ്കാരങ്ങൾ പ്രധാനമാണെന്നും പരിഷ്കരണമാണ് പ്രസക്തിയുടെ താക്കോലെന്നും യു.എൻ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് മോദി പറഞ്ഞു. ഭാവിക്ക് വേണ്ടത് മനുഷ്യ കേന്ദ്രീകൃത സമീപനമാണ്. ലോക സമാധാനമാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
സുസ്ഥിര വികസനത്തിലൂടെ ഇന്ത്യ ജനങ്ങളെ ദാരിദ്ര്യത്തിൽനിന്ന് ഉയർത്തിയെന്നും ഉച്ചകോടിയിൽ പ്രധാനമന്ത്രി പറഞ്ഞു. “ഇന്ന് മനുഷ്യരാശിയുടെ ആറിലൊന്നിന്‍റെ ശബ്ദമായി ഞാൻ ഇവിടെയുണ്ട്. ഞങ്ങൾ 250 ദശലക്ഷം ആളുകളെ ഇന്ത്യയിൽ ദാരിദ്ര്യത്തിൽനിന്ന് ഉയർത്തി, സുസ്ഥിര വികസനം വിജയിക്കുമെന്ന് ഞങ്ങൾ കാണിച്ചുതന്നു. ഈ വിജയാനുഭവം ഗ്ലോബൽ സൗത്തിനൊപ്പം പങ്കിടാൻ ഞങ്ങൾ തയാറാണ്” -മോദി പറഞ്ഞു.
വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചും മോദി സംസാരിച്ചു. ഭീകരവാദം ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതര ഭീഷണിയായി തുടരുമ്പോൾ, മറുവശത്ത് സൈബർ, ബഹിരാകാശ മേഖലകൾ സംഘർഷത്തിന്‍റെ പുതിയ വേദികളായി ഉയർന്നുവരുന്നു. സാങ്കേതികവിദ്യയുടെ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഉപയോഗത്തിന് സന്തുലിത നിയന്ത്രണം ആവശ്യമാണ്. ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (ഡി.പി.ഐ) ഒരു പാലമാകണം, തടസമാകരുത്. ആഗോള നന്മക്കായി, ഇന്ത്യ ഡി.പി.ഐ പങ്കിടാൻ തയാറാണ്. ഇന്ത്യയെ സംബന്ധിച്ച് ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്നത് പ്രതിബദ്ധതയാണെന്നും മോദി പറഞ്ഞു.
ത്രിദിന സന്ദർശനത്തിനായി യു.എസിൽ എത്തിയ പ്രധാനമന്ത്രി, യുക്രെയ്ൻ സന്ദർശനത്തെ കുറിച്ച് യു.എസ് പ്രസിഡന്‍റ് ജോ ബൈഡനുമായി ചർച്ച നടത്തിയിരുന്നു. മോദിയുടെ യുക്രെയ്ൻ സന്ദർശനത്തെയും സമാധാന സന്ദേശത്തെയും ബൈഡൻ അഭിനന്ദിച്ചതായി യോഗത്തിന് ശേഷം പുറത്തിറക്കിയ സംയുക്ത വാർത്താകുറിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.