സുഡാനിൽ സംഘർഷം രൂക്ഷം; മരണം 100 കടന്നു
text_fieldsഖാർത്തൂം: സൈന്യവും അര്‍ധസൈനികരും തമ്മിൽ സംഘർഷം നിലനിൽക്കുന്ന സുഡാനിൽ ഇരു വിഭാഗവും തമ്മിള്ള സംഘർഷം വീണ്ടും രൂക്ഷമായി. നേരത്തെ ഇരുവിഭാഗവും മൂന്നുമണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഘർഷം വീണ്ടും രൂക്ഷമായത്. ഇതോടെ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 100 കടന്നു. സെൻട്രൽ കമ്മിറ്റി ഓഫ് സുഡാൻ ഡോക്ടേഴ്സ് നൽകുന്ന റിപ്പോർട്ടുകൾ പ്രകാരം രണ്ടു ദിവസത്തെ സംഘർഷത്തിനിടെ 97 സാധാരണക്കാൻ കൊല്ലപ്പെട്ടു. നൂറു കണക്കിന് സാധാരണക്കാർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെയും ഖാർത്തൂമിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് അതിരൂക്ഷമായ വെടിയൊച്ചകൾ കേട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഘർഷം രൂക്ഷമാതോടെ സിവിലിയൻ പലായന സാധ്യത മുന്നിൽകണ്ട് അയൽ രാജ്യങ്ങൾ അതിർത്തി അടക്കുമോ എന്ന് ആശങ്കയും നിലനിൽക്കുന്നുണ്ട്. ഇതോടെ ആഫ്രിക്കൻ രാജ്യങ്ങളുടെ സഖ്യമായ ഇന്റർഗവൺമെന്‍റൽ അതോരിറ്റി ഓൺ ഡെവലൊപ്മെന്‍റ് (ഐ.ജി.എ.ഡി) സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി അടിയന്തര യോഗം വിളിച്ചു. മധ്യസ്ഥ ശ്രമങ്ങൾക്കായി കെനിയ, ദക്ഷിണ സുഡാൻ, ജിബൂത്തി പ്രസിഡിന്‍റുമാരെ ഉടൻ ഖാർത്തൂമിലേക്ക് അയക്കാനും പദ്ധതിയുണ്ട്.
മൂന്ന് പതിറ്റാണ്ട് രാജ്യം ഭരിച്ച പ്രസിഡന്റ് ഉമർ അൽ ബഷീർ 2019ൽ സൈനിക അട്ടിമറിയിലൂടെ പുറത്തായതോടെയാണ് സുഡാനിലെ സമീപകാല സംഘർഷം ആരംഭിക്കുന്നത്. അതിന് ശേഷമുള്ള ഏറ്റവും രൂക്ഷമായ സംഘർഷമാണ് ശനിയാഴ്ച മുതൽ നടക്കുന്നതെന്നാണ് റിപ്പോർട്ട്.
ശനിയാഴ്ച മുതൽ അർധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (ആർ.എസ്.എഫ്) സായുധ സേനയും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലാണ് നടക്കുന്നത്.
തലസ്ഥാനമായി ഖാർത്തൂമിന്‍റെ ജനനിബിഢമായ വടക്ക്, തെക്കൻ ഭാഗങ്ങളിൽ അതിരൂക്ഷമായ ഏറ്റുമുട്ടലാണ് നടക്കുന്നതെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ടു ദിവസമായി വീടിന് പുറത്തിറങ്ങാൻ പോലും പറ്റാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. പലയിടങ്ങിലും ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ല. യു.എൻ നിർദേശത്തെത്തുടർന്ന് മൂന്നു മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച മുതൽ എല്ലാ ദിവസവും പ്രാദേശിക സമയം വൈകിട്ട് നാലു മുതൽ മൂന്ന് മണിക്കൂർ നേരത്തേക്കാണ് വെടിനിർത്തൽ നടപ്പാക്കുക. അടിയന്തര മാനുഷിക ആവശ്യങ്ങൾക്ക് സുരക്ഷിത പാത ഒരുക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് സുഡാൻ സൈന്യം അറിയിച്ചു.
അതേസമയം, സുഡാനിലെ പ്രതികൂല സാഹചര്യത്തിൽ ഇന്ത്യൻ പൗരൻമാർക്ക് സുരക്ഷ മുന്നറിയിപ്പ് നൽകി കേന്ദ്ര നയതന്ത്ര മന്ത്രാലയം. പരമാവധി മുൻകരുതലുകളെടുക്കാനും വീടിനുള്ളിൽ തന്നെ തുടരാനുമാണ് എംബസി നിർദേശം. ഔദ്യോഗിക കണക്കുകൾ പ്രകാരം 4000 ഇന്ത്യക്കാരാണ് സുഡാനിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.