ദുരിതമയം സുഡാൻ; രക്ഷാദൗത്യവുമായി രാജ്യങ്ങൾ
text_fieldsഖർത്തൂം: സൈന്യവും അർധസൈനിക വിഭാഗവും തമ്മിലുള്ള പോരാട്ടം ശക്തമായ സുഡാനിൽനിന്ന് പൗരന്മാരെ രക്ഷിക്കാൻ ശ്രമമാരംഭിച്ച് വിവിധ രാജ്യങ്ങൾ. വിദേശികൾക്ക് തിരിച്ചുപോകാൻ സൗകര്യമൊരുക്കുമെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. വിദേശികളെ ഒഴിപ്പിക്കാൻ സുഡാനിലെ എല്ലാ വിമാനത്താവളങ്ങളും ഭാഗികമായി തുറക്കാൻ തയാറാണെന്ന് അർധസൈനികരായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് അറിയിച്ചു. പൗരന്മാരെയും ഉദ്യോഗസ്ഥരെയും ഒഴിപ്പിക്കാൻ സൗദി നടപടി തുടങ്ങി.
സുഹൃദ് രാജ്യങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനും സഹായിക്കുമെന്ന് സൗദി അറിയിച്ചിട്ടുണ്ട്. സുഡാനിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ശനിയാഴ്ച രാവിലെ യു.കെ പ്രധാനമന്ത്രി ഋഷി സുനക് അടിയന്തര യോഗം വിളിച്ചുചേര്‍ത്തിരുന്നു. സൗദി കഴിഞ്ഞ ദിവസം ഒഴിപ്പിച്ച 157 പേരിൽ 91 പേർ സ്വന്തം പൗരന്മാരും 66 പേർ ഇന്ത്യയടക്കം 12 സുഹൃദ് രാജ്യങ്ങളിൽനിന്നുള്ളവരുമാണ്. കുവൈത്ത്, ഖത്തര്‍, യു.എ.ഇ, ഈജിപ്ത്, തുനീഷ്യ, പാകിസ്താന്‍, ബള്‍ഗേറിയ, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, കാനഡ, ബുര്‍ക്കിനോ ഫാസോ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് മറ്റുള്ളവർ. കപ്പൽ മാർഗമാണ് ഇവരെ ജിദ്ദയിലെത്തിച്ചത്. അമേരിക്കൻ എംബസി ജീവനക്കാരെ ഞായറാഴ്ച വ്യോമമാർഗം ഒഴിപ്പിച്ചു. ഫ്രാൻസ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങൾ അടുത്ത ദിവസം രക്ഷാദൗത്യം സംഘടിപ്പിക്കുമെന്ന് അറിയിച്ചു. നെതർലൻഡ് രണ്ട് സൈനിക വിമാനങ്ങൾ ജോർഡനിലേക്ക് അയച്ചിട്ടുണ്ട്.
ഇറ്റലി 140 പൗരന്മാരെ കൊണ്ടുപോകാൻ ജിബൂത്തിലേക്ക് വിമാനമയച്ചു. അയൽരാജ്യത്തേക്ക് റോഡ് മാർഗം എത്തിച്ച് അവിടെനിന്ന് വിമാനത്തിൽ കൊണ്ടുവരാനാണ് പദ്ധതി. വെള്ളവും വൈദ്യുതിയുമില്ലാതെ തലസ്ഥാനമായ ഖർത്തൂമിലും സമീപ നഗരങ്ങളിലും ജനജീവിതം ദുരിതത്തിലാണ്.
ഇന്റർനെറ്റ് ബന്ധവും വിച്ഛേദിക്കപ്പെട്ടതായ വാർത്തയാണ് ഞായറാഴ്ച പുറത്തുവന്നത്. ഒമ്പതുദിവസമായ സംഘർഷത്തിൽ 425ലധികം പേർ കൊല്ലപ്പെട്ടതായാണ് സെൻട്രൽ കമ്മിറ്റി ഓഫ് സുഡാൻ ഡോക്ടേഴ്സ് നൽകുന്ന റിപ്പോർട്ടുകൾ. 3500ലേറെ പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.