സുഡാൻ: വെടിനിർത്തലിന് തൊട്ടുമുമ്പും രൂക്ഷമായ പോരാട്ടം
text_fieldsഖർത്തൂം: ഒരാഴ്ചത്തെ വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുമ്പും സുഡാനിൽ രൂക്ഷമായ പോരാട്ടം. വ്യോമാക്രമണവും തെരുവു പോരാട്ടവും നടന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. സഹായ വസ്തുക്കൾ വിതരണം ചെയ്യാനും ജനങ്ങൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കുന്നതിനും വേണ്ടിയാണ് പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി 9.45 മുതൽ വെടിനിർത്തലിന് സൈന്യവും അർധസൈനിക വിഭാഗവും സമ്മതിച്ചത്.
വെടിനിർത്തൽ നിലവിൽ വരുന്നതിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളിൽ സുഡാൻ സൈന്യം തലസ്ഥാന നഗരമായ ഖർത്തൂമിൽ രൂക്ഷമായ വ്യോമാക്രമണമാണ് നടത്തിയത്. എതിരാളികളായ അർധസൈനിക വിഭാഗത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
അതേസമയം, വെടിനിർത്തൽ ഫലപ്രദമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ജിദ്ദയിൽ നടന്ന സമാധാന യോഗത്തിൽ പ്രത്യേക സമിതിക്കും രൂപം നൽകിയിട്ടുണ്ട്. സൈന്യം, അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർ.എസ്.എഫ്), സൗദി അറേബ്യ, അമേരിക്ക എന്നിവയുടെ പ്രതിനിധികൾ സമിതിയിൽ അംഗങ്ങളാണ്.
വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുമ്പ്, ആർ.എസ്.എഫ് കമാൻഡർ മുഹമ്മദ് ഹംദാൻ ദഗാലോ പുറത്തുവിട്ട ഓഡിയോ സന്ദേശത്തിൽ സൗദി അറേബ്യക്കും യു.എസിനും നന്ദി പറഞ്ഞു. അതേസമയം, വിജയത്തിലേക്ക് മുന്നേറാൻ അദ്ദേഹം അനുയായികളോട് ആഹ്വാനം ചെയ്തു. അട്ടിമറി അവസാനിപ്പിക്കുന്നതുവരെ പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 15 ന് സംഘർഷത്തിന്റെ തുടക്കത്തിൽ അധികാരം പിടിച്ചെടുക്കാൻ ശ്രമിച്ചതായി ഇരുപക്ഷവും ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.