ഇമെയ്‍ൽ വിവാദം: ഇന്ത്യൻ വംശജയായ യു.കെ ആഭ്യന്തര സെക്രട്ടറി രാജിവെച്ചു
text_fieldsലണ്ടൻ: ഇമെയ്‍ൽ വിവാദത്തെ തുടർന്ന് യു.കെ ആഭ്യന്തര സെക്രട്ടറിയും ഇന്ത്യൻ വംശജയുമായ സുയെല്ല ബ്രവർമാൻ രാജിവെച്ചു. പാർലമെന്‍റിലെ സഹപ്രവർത്തകന് ഔദ്യോഗിക രേഖ അയക്കാൻ തന്റെ സ്വകാര്യ ഇമെയ്ൽ ഉപയോഗിച്ചതാണ് രാജിക്ക് വഴിവെച്ചത്.
തനിക്ക് പിഴവ് സംഭവിച്ചെന്നും ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും രാജിക്കത്തിൽ സുയെല്ല വ്യക്തമാക്കി. ഔദ്യോഗിക ആവശ്യത്തിന് സ്വകാര്യ ഇമെയ്‍ൽ ഉപയോഗിക്കുന്നത് സർക്കാർ ചട്ടത്തിന് എതിരാണ്.
ആഭ്യന്തര സെക്രട്ടറി ഔദ്യോഗിക ആവശ്യത്തിന് സ്വകാര്യ ഇമെയ്‍ൽ ഉപയോഗിച്ച സംഭവം പ്രധാനമന്ത്രി ലിസ് ട്രസിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് സുയെല്ല സ്ഥാനമൊഴിഞ്ഞത്. സുയെല്ല ബ്രവർമാന് പകരം മുൻ ഗതാഗത മന്ത്രി ഗ്രാന്‍റ് ഷാപ്‌സിനെ പുതിയ ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
സെപ്റ്റംബർ ആറിന് പ്രധാനമന്ത്രിയായി അധികാരമേറ്റ ലിസ് ട്രസ് ആണ് ആഭ്യന്തര സെക്രട്ടറി പദത്തിലേക്ക് സുയെല്ല ബ്രവർമാനെ നാമനിർദേശം ചെയ്തത്. ബോറിസ് ജോൺസൺ സർക്കാരിൽ അറ്റോണി ജനറലായിരുന്നു സുയെല്ല.
ഫേർഹാം മണ്ഡലത്തിൽ നിന്നാണ് കൺസർവേറ്റീവ് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത്. ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറി പദത്തിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജയായിരുന്നു സുയെല്ല. ഇന്ത്യൻ വംശജ പ്രീതി പട്ടേലായിരുന്നു മുമ്പ് ഈ സ്ഥാനത്തിരുന്നത്.
സുയെല്ലയുടെ പിതാവ് ഗോവൻ സ്വദേശിയായ ക്രിസ്റ്റി ഫെർണാണ്ടസും മാതാവ് തമിഴ്നാട് സ്വദേശിയായ ഉമയുമാണ്. 1960കളിലാണ് ഉമ ബ്രിട്ടനിലേക്ക് കുടിയേറിയത്. പിതാവ് കെനിയയിൽ നിന്നാണ് ബ്രിട്ടനിലെത്തിയത്.
കേംബ്രിജ് യൂനിവേഴ്സിറ്റിയിൽ നിന്ന് നിയമബിരുദം നേടിയ സുയെല്ല സഹപാഠിയായ റെയൽ ബ്രവർമാനെ 2018ൽ വിവാഹം കഴിച്ചു. രണ്ട് മക്കളുണ്ട്. ബുദ്ധമത വിശ്വാസിയായ സുയെല്ല ബ്രിട്ടനിലെ ബുദ്ധമത കേന്ദ്രങ്ങളിലെ സ്ഥിരം സന്ദർശകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.