സൂയസ് പ്രതിസന്ധി തീർന്നു; ഇന്ത്യക്കാരായ കപ്പൽ ജീവനക്കാരുടെ കാര്യത്തിൽ അനിശ്ചിതത്വം ബാക്കി
text_fieldsസൂയസ് കനാലിന് കുറുകെ കുടുങ്ങിയ കൂറ്റൻ ചരക്കുകപ്പൽ ഇന്നലെ നീക്കിയതോടെ അവസാനമായത് ഒരാഴ്ചയോളം നീണ്ട പ്രതിസന്ധിക്കാണ്. കരയിലേക്ക് ഇടിച്ചുകയറി കനാലിനു കുറുകെ നിലയുറപ്പിച്ച പടുകൂറ്റൻ ചരക്കുകപ്പൽ 'എവർ ഗിവൺ' തിങ്കളാഴ്ച വൈകീട്ടോടെയാണ് പൂർണമായും ഒഴുക്കിനീക്കാൻ സാധിച്ചത്. അതേസമയം, കപ്പൽ ജീവനക്കാർക്കെതിരെ എന്ത് നടപടിയുണ്ടാവുമെന്ന കാര്യത്തിൽ അനിശ്ചിതത്വമാണ്. കപ്പലിലെ 25 ജീവനക്കാരും ഇന്ത്യക്കാരാണെന്ന റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
കപ്പൽ ജീവനക്കാർക്കും സർവിസ് നടത്തുന്ന കമ്പനിക്കുമെതിരെ സൂയസ് കനാൽ അതോറിറ്റി എന്ത് നടപടി കൈക്കൊള്ളുമെന്ന കാര്യത്തിലാണ് ആകാംക്ഷ. കോടിക്കണക്കിന് ഡോളറിന്‍റെ നഷ്ടമാണ് ഏതാണ്ട് ഒരാഴ്ചയോളം സൂയസിലെ ഗതാഗതം നിലച്ചതിനെ തുടർന്ന് വ്യാപാര മേഖലക്കുണ്ടായത്. സൂയസ് കനാൽ അതോറിറ്റിക്കും ഇത് കനത്ത നഷ്ടം വരുത്തിവെച്ചു.
ജീവനക്കാർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തുമോയെന്ന കാര്യത്തിൽ കപ്പൽ ജീവനക്കാരുടെ സംഘടന ആശങ്ക ഉയർത്തുന്നുണ്ട്. ക്യാപ്റ്റനും ഏതാനും അംഗങ്ങൾക്കും യാത്രാവിലക്കേർപ്പെടുത്തി തടഞ്ഞുവെക്കാൻ സാധ്യതയുണ്ടെന്ന് ഷിപ്പിങ് മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ അന്വേഷണം തീരുന്നത് വരെ ഇവരെ വീട്ടുതടങ്കലിൽ നിർത്തിയേക്കും. അതേസമയം, നിയമനടപടികളെ കുറിച്ച് ഷിപ്പിങ് കമ്പനി പ്രതികരിച്ചിട്ടില്ല. ജീവനക്കാരെ ബലിയാടുകളാക്കി കപ്പൽ സർവിസ് നടത്തുന്ന കമ്പനി കൈകഴുകാൻ സാധ്യതയുണ്ടെന്നും മേഖലയിലെ ചിലർ ചൂണ്ടിക്കാട്ടുന്നു.
കപ്പൽ കരയിലേക്ക് കയറാനും കനാലിന് കുറുകെ വരാനുമുള്ള കാരണമെന്തെന്ന് പഠിക്കണമെന്ന് ദേശീയ ഷിപ്പിങ് ബോർഡ് (എൻ.എസ്.ബി) അംഗം ക്യാപ്റ്റൻ സഞ്ജയ് പ്രശാർ പറയുന്നു. കപ്പൽ യാത്രാ റെക്കോർഡർ പരിശോധിച്ച് ജീവനക്കാരുടെ സംഭാഷണങ്ങളും മറ്റും പരിശോധിക്കേണ്ടതുണ്ട്. ഇതിന് ശേഷം മാത്രമേ അപകടത്തിന്‍റെ കാരണമെന്തെന്ന് വിലയിരുത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു.
മാർച്ച് 23നാണ് കൂറ്റൻ ചരക്കുകപ്പലായ 'എവർ ഗിവൺ' ലോകത്തെ ഏറ്റവും തിരക്കേറിയ കപ്പൽ പാതയായ സൂയസ് കനാലിന് കുറുകെ കുടുങ്ങിയത്. ജപ്പാനിലെ ഷൂയി കിസെൻ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ, തായ്വാൻ കമ്പനിയായ എവർഗ്രീൻ മറൈനാണ് സർവിസിന് ഉപയോഗിക്കുന്നത്.
വേലിയേറ്റത്തിെൻറ ആനുകൂല്യം മുതലാക്കി, ടഗ്ബോട്ടുകളുടെ സഹായത്തോടെ കപ്പലിെൻറ ബോ (മുൻഭാഗം) മണൽത്തിട്ടയിൽനിന്ന് മോചിപ്പിച്ചാണ് കപ്പലിനെ വീണ്ടും ഒഴുക്കാൻ സാധിച്ചത്. ഡച്ച് കമ്പനിയായ റോയൽ ബോസ്കലിസാണ് കപ്പൽ നീക്കുന്ന ദൗത്യം നിർവഹിച്ചത്.
The giant container ship that blocked the Suez Canal for almost a week was fully floated, and traffic in the waterway resumed, the canal authority said in a statement https://t.co/skxfODdbom pic.twitter.com/LjWQVCfioW
— Reuters (@Reuters) March 29, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.