സൂയസിൽ കുടുങ്ങിയ അവസാന ചരക്കു കപ്പലും കനാൽ കടന്നു; എവർ ഗിവണെ വേട്ടയാടാൻ ശതകോടികളുടെ നഷ്ടപരിഹാരം
text_fields
കയ്റോ: കൂറ്റൻ ചരക്കുകപ്പൽ എവർ ഗിവൺ ഒരാഴ്ച വഴിമുടക്കിയ സൂയസ് കനാലിന്‍റെ ഇരു വശങ്ങളിലുമായി കെട്ടിക്കിടന്ന 400ലേറെ കപ്പലുകൾ മറുകര താണ്ടി. സൂയസ് കനാലിൽ മാത്രമല്ല കനാൽ ബന്ധിപ്പിക്കുന്ന മെഡിറ്ററേനിയനിലും ചെങ്കടലിലുമായി കുടുങ്ങിയ 422 കപ്പലുകളാണ് ഏറെനാൾ നീണ്ട രക്ഷാ പ്രവർത്തനങ്ങൾക്ക് ശുഭ പരിസമാപ്തി കുറിച്ച് അവസാനം ലക്ഷ്യത്തിലേക്ക് കുതിച്ചത്.
മാർച്ച് 23ന് കാറ്റിലുലഞ്ഞ് ഇരുവശങ്ങളിലും ചെളിയിൽ പുതഞ്ഞ രണ്ടു ലക്ഷം ടൺ ചരക്കുകയറ്റിയ കൂറ്റൻ കപ്പലിനെ ഒരാഴ്ച നീണ്ട രക്ഷാദൗത്യത്തിനൊടുവിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് രക്ഷപ്പെടുത്തിയത്. തൊട്ടുപിറകെ ഇരുവശങ്ങളിലെയും കപ്പലുകൾ യാത്ര തുടങ്ങിയെങ്കിലും കുരുക്ക് പൂർണമായി അവസാനിക്കാൻ ഒരാഴ്ചയെങ്കിലും എടുക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച മാത്രം 85 കപ്പലുകൾ കനാൽ കടന്നപ്പോൾ ഇതിൽ 61 എണ്ണം കുടുങ്ങിക്കിടന്നവയായിരുന്നു.
400 മീറ്റർ നീളമുള്ള കപ്പൽ 200 മീറ്ററിലേറെ വീതിയുള്ള കനാലിനു കുറുകെ കുടുങ്ങിയത് ആഗോള ചരക്കുകടത്തിനെ ഗുരുതരമായി ബാധിച്ചു. എണ്ണ മാത്രമല്ല, അവശ്യ വസ്തുക്കൾ വരെ കപ്പലുകളിൽ കെട്ടിക്കിടന്നു. പ്രതിദിനം 900 കോടി ഡോളർ വരുന്ന ചരക്കു കടത്ത് സമ്പൂർണമായി മുടങ്ങി. കാറ്റിലുലഞ്ഞ് കപ്പൽ കുടുങ്ങുകയായിരുന്നുവെന്ന് ജീവനക്കാർ പറയുന്നുണ്ടെങ്കിലും അന്വേഷണം പുരോഗമിക്കുകയാണ്.
422 കപ്പലുകളിലായി 2.6 കോടി ടൺ ചരക്കാണ് കെട്ടിക്കിടക്കുന്നത്. ഇവയിൽ കാത്തുകിടന്ന് കേടുവന്നത് മുതൽ കപ്പൽ ചെലവുകൾ വരെയായി ശതകോടികൾ വിവിധ കപ്പലുകൾ നഷ്ടപരിഹാരമായി ആവശ്യപ്പെടും. കപ്പലിനെ രക്ഷപ്പെടുത്താൻ വേണ്ടിവന്ന ചെലവുകൾ വേറെ. എവർ ഗിവൺ കപ്പൽ ജീവനക്കാരുടെ പിഴവു മൂലമാണ് കുരുക്കുണ്ടായതെങ്കിൽ ഇവയത്രയും കപ്പൽ കമ്പനി നൽകേണ്ടിവരും.
നഷ്ടപരിഹാരം ഈടാക്കാതെ എവർ ഗിവൺ കനാൽ വിട്ടുപോകാൻ അനുവദിക്കില്ലെന്ന് സൂയസ് കനാൽ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സമീപകാലത്ത് ചരക്കു കപ്പലുകളുമായി ബന്ധപ്പെട്ട ഏറ്റവും വലിയ നഷ്ടപരിഹാര തുകയാണ് തീർപിലെത്താനുള്ളത്.
കപ്പൽ കുടുങ്ങിയ അതേ സമയത്ത് കനാലിലുണ്ടായിരുന്ന മറ്റു കപ്പലുകളൊന്നും കാറ്റ് പ്രശ്നമായി പറഞ്ഞിരുന്നില്ല. എന്നല്ല, കാറ്റ് പ്രതിരോധിക്കാൻ ചരക്കു കപ്പലുകളിൽ സംവിധാനവുമുണ്ട്.
മെഡിറ്ററേനിയൻ കടലിനെ ചെങ്കടലുമായി ബന്ധിപ്പിക്കുന്ന സൂയസ് കനാൽ യൂറോപിനും ഏഷ്യക്കുമിടയിലെ പ്രധാന നാവിക വ്യാപാര പാതയാണ്. ആഫ്രിക്ക ചുറ്റിയുളള പാത 7,000 കിലോമീറ്റർ അധികം വരുമെന്നതിനാൽ പകരം സൂയസ് കനാലിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.