നീക്കിയത് നൂറ്റാണ്ടിലെ തടസ്സം; സൂയസ് കനാൽ പാത ഇനി സ്വതന്ത്രം
text_fieldsസൂയസ്: ഒരാഴ്ചയായി ആഗോള കപ്പൽ ചരക്കുഗതാഗതം സ്തംഭിപ്പിച്ച, ലോകത്തെ ഏറ്റവും തിരക്കേറിയ വ്യാപാര പാതകളിലൊന്നായ സൂയസ് കനാലിലെ നൂറ്റാണ്ടിലെ 'ട്രാഫിക് കുരുക്ക്' അഴിച്ചു. കരയിലേക്ക് ഇടിച്ചുകയറി കനാലിനു കുറുകെ നിലയുറപ്പിച്ച പടുകൂറ്റൻ ചരക്കുകപ്പൽ 'എവർ ഗിവൺ' നീക്കിമാറ്റിയെന്നും ഏറ്റവുമടുത്ത സമയത്തുതന്നെ ഗതാഗതം പുനരാരംഭിക്കാൻ സാധിക്കുമെന്നും സൂയസ് കനാൽ അതോറിറ്റി വൃത്തങ്ങൾ തിങ്കളാഴ്ച അറിയിച്ചു.
വേലിയേറ്റത്തിെൻറ ആനുകൂല്യം മുതലാക്കി, ടഗ്ബോട്ടുകളുടെ സഹായത്തോടെ കപ്പലിെൻറ ബോ (മുൻഭാഗം) മണൽത്തിട്ടയിൽനിന്ന് ഡച്ച് രക്ഷാദൗത്യസംഘം മോചിപ്പിക്കുകയായിരുന്നു. ശേഷം, 2,20,000 ടൺ ഭാരമുള്ള കപ്പലിനെ വലിച്ച് കനാലിെൻറ മധ്യഭാഗത്തുള്ള 'ഗ്രേറ്റ് ബിറ്റർ ലേക്' എന്ന വീതിയേറിയ ഭാഗത്ത് എത്തിച്ചു. ഇവിടെ വെച്ച് സാങ്കേതിക പരിശോധനകൾ നിർവഹിക്കുമെന്നും അതോറിറ്റി വൃത്തങ്ങൾ പറഞ്ഞു.
മുന്നോട്ടു നീങ്ങുന്ന 'എവർ ഗിവണി'നെ ടഗ് ബോട്ടുകൾ അനുഗമിച്ച് ഉച്ചത്തിൽ സൈറൺ മുഴക്കുന്നത് സൂയസ് കനാൽ അതോറിറ്റി പുറത്തു വിട്ട വിഡിയോയിൽ ദൃശ്യമായി. 'ഞങ്ങളതിനെ വലിച്ചു നീക്കി'യെന്നായിരുന്നു, രക്ഷാദൗത്യ ചുമതലയുണ്ടായിരുന്ന ബോസ്കലിസ് കമ്പനിയുടെ സി.ഇ.ഒ പീറ്റർ ബെർഡോവിസ്കി പറഞ്ഞത്. ''സൂയസ് കനാൽ അതോറിറ്റിയുടെയും ഞങ്ങളുടെയും വിദഗ്ധരുെട കൂട്ടായ്മയിൽ എവർ ഗിവണിനെ നീക്കി മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനാവും വിധം കനാലിനെ സ്വതന്ത്രമാക്കി'' -ബെർഡോവിസ്കി കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച രാവിലെ 11.30ഓടെ തുടങ്ങിയ രക്ഷാദൗത്യത്തിൽ ആദ്യം, കരയിൽനിന്ന് നാല് മീറ്റർ മാത്രം അകലെയായിരുന്ന പിൻഭാഗം 102 മീറ്ററോളം നീക്കി കപ്പലിെൻറ കിടപ്പ് നേെരയാക്കുകയായിരുന്നു. ശേഷം ബോ കുടുങ്ങിക്കിടക്കുന്ന ഭാഗത്തെ മണൽ, ടഗുകളും ഡ്രഡ്ജറുകളും ഉപയോഗിച്ച് നീക്കി. ''ചൊവ്വാഴ്ചതന്നെ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഒരു സെക്കൻഡുപോലും വെറുതെ കളയില്ല'' -സൂയസ് കനാൽ അതോറിറ്റി ചെയർമാൻ ഉസാമ റബീഅ് ഇൗജിപ്ത് ഔദ്യോഗിക ടി.വിയോടു പറഞ്ഞു. ചൊവ്വാഴ്ചതന്നെ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞാൽ തന്നെ കാത്തിരിക്കുന്ന 367 കപ്പലുകൾക്ക് കനാൽ കടക്കാൻ ദിവസങ്ങൾ വേണ്ടിവരുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.