മദ്യപിച്ച് വാഹനമോടിച്ചതിന് മാപ്പു പറഞ്ഞ് ബി.ടി.എസ് ഗായകൻ
text_fieldsസിയോൾ: ട്രാഫിക് നിയമം ലംഘിച്ച് മദ്യപിച്ച് വാഹനമോടിച്ച ബി.ടി.എസ്. ഗായകന്‍ ഷുഗയുടെ ലൈസൻസ് റദ്ദാക്കി സിയോൾ പൊലീസ്. സംഭവത്തിൽ ഗായകൻ മാപ്പു പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച് ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കുന്നതിനിടെയാണ് ഷുഗ പൊലീസിന്റെ പിടിയിലായത്. വീടിന് അടുത്ത് വണ്ടി പാര്‍ക്ക് ചെയ്യുന്നതിനടയില്‍ വീഴുകയും സംശയം തോന്നിയ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അദ്ദേഹത്തെ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിക്കുകയുമായിരുന്നു. ഷുഗയുടെ ശരീരത്തില്‍ ആല്‍ക്കഹോള്‍ കണ്ടന്‍റ് കണ്ടെത്തി. അത് അദ്ദേഹത്തിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ മാത്രമുള്ള ലെവലില്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞ പൊലീസ് ഉടൻ ഗായകനു മേല്‍ പിഴ ചുമത്തുകയും ലൈസന്‍സ് റദ്ദാക്കുകയുമായിരുന്നു. സിയോള്‍ യോങ്‌സാന്‍ പൊലീസ് സ്റ്റേഷന് കീഴിലാണ് ഷുഗക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തത്.
സംഭവത്തിന് പിന്നാലെ ഷുഗയുടെ ഏജന്‍സിയായ ബിഗ് ഹിറ്റ് മ്യൂസിക് ക്ഷമാപണം നടത്തി. ‘ഞങ്ങളുടെ ആര്‍ട്ടിസ്റ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായ അനുചിതമായ പെരുമാറ്റത്തിന് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. പൊതുജനങ്ങള്‍ക്ക് ആശങ്ക ഉണ്ടാക്കിയതില്‍ അദ്ദേഹം ഏത് അച്ചടക്ക നടപടിയും സ്വീകരിക്കുന്നതാകും’ എന്നാണ് ബിഗ് ഹിറ്റ് മ്യൂസിക് ക്ഷമാപണ കുറിപ്പില്‍ പറഞ്ഞത്. പിന്നാലെ വേവേഴ്‌സ് പ്ലാറ്റ്‌ഫോമിലൂടെ ഷുഗയും ആരാധകരോട് മാപ്പ് പറഞ്ഞു. ‘ഇന്നലെ രാത്രി മദ്യപിച്ച ശേഷം, ഞാന്‍ വീട്ടിലേക്ക് ഇലക്ട്രിക് സ്‌കൂട്ടറിലാണ് മടങ്ങിയത്. മദ്യപിച്ച് ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപയോഗിക്കുന്നതിലെ അപകടവും നിയമവിരുദ്ധതയും തിരിച്ചറിയുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു. ട്രാഫിക് നിയമം ലംഘിച്ചു. ആര്‍ക്കും ഉപദ്രവമുണ്ടായില്ലെങ്കിലും വസ്തുവകകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. എന്റെ പ്രവൃത്തികളുടെ പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുകയും എല്ലാവരോടും ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുകയും ചെയ്യുന്നു’ ഷുഗ കുറിപ്പില്‍ പറഞ്ഞു.
വിഖ്യാത ദക്ഷിണ കൊറിയൻ മ്യൂസിക് ബാൻഡ് ആണ് ബി.ടി.എസ്. നിലവില്‍ രാജ്യത്തിന് വേണ്ടിയുള്ള നിര്‍ബന്ധിത സൈനിക സേവനത്തിന്റെ ഭാഗമായി സോഷ്യല്‍ സര്‍വിസ് ഏജന്‍റായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ ദിവസം നടന്ന സംഭവം ഷുഗയുടെ സോഷ്യല്‍ സര്‍വിസിനെ ബാധിക്കുമോ എന്ന ചോദ്യം ഉയർത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.