ബഹിരാകാശ നിലയത്തിൽ സുനിതാ വില്യംസും കൂട്ടരും പുതുവർഷാഘോഷത്തിൽ
text_fieldsന്യൂയോര്‍ക്ക്: 2025 നെ ഭൂമിയിൽ വരവേൽക്കുന്ന തിരക്കിലാണ് നാമെല്ലാവരും. ഇതാ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലും പുതുവർഷാഘോഷം. നാസാ ശാസ്ത്രജ്ഞ സുനിതാ വില്യംസും കൂട്ടരുമാണ് ഈ അപൂർവ അനുഭവത്തിന് ഉടമകളാകുന്നത്. പുതുവർഷം പിറക്കുമ്പോള്‍ 16 സൂര്യോദയവും 16 അസ്തമയവും അവര്‍ക്കു ചുറ്റും നടക്കുമെന്നതാണ് പ്രത്യേകത.
ഭൂമിയില്‍നിന്ന് ഏകദേശം 400 കിലോമീറ്റര്‍ ഉയരത്തിലാണ് ഐ.എസ്.എസ്. ഒരുദിവസം 16 തവണയാണ് ഈ ബഹിരാകാശ പരീക്ഷണശാല ഭൂമിയെ ചുറ്റുന്നത്. ഒരു പരിക്രമണത്തിന് 90 മിനിറ്റെടുക്കും. മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചാരം. അതിനാല്‍ ഐ.എസ്.എസിലുള്ളവര്‍ എന്നും കാണുന്നതാണ് 16 ഉദയാസ്തമയമാണ്.
2024 ജൂണിലാണ് നാസയുടെ യാത്രികനായ ബുച്ച് വില്‍മോറുമൊത്ത് ബോയിങ്ങിന്റെ പരീക്ഷണപേടകമായ സ്റ്റാര്‍ലൈനറില്‍ ഐ.എസ്.എസിലേക്കു പോയത്. സ്റ്റാര്‍ലൈനറിന് സാങ്കേതികത്തകരാര്‍ നേരിട്ടതിനാല്‍ തിരിച്ചുവരവ് വൈകി. ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് തിരിച്ചെത്താൻ നേരത്തെ നിശ്ചയിച്ചതിലും വൈകും.
ഇരുവരെയും ഫെബ്രുവരിയിൽ തിരിച്ചെത്തിക്കാനാകില്ലെന്നും മാർച്ച് അവസാനത്തോടെയാണ് സ്പേസ് എക്സ് ക്രൂ ഡ്രാഗൺ ഇവർക്കരികിലേക്ക് എത്തുകയെന്നും നാസ അറിയിച്ചു. മടക്കയാത്ര ഏപ്രിൽ ആദ്യ വാരത്തിലേക്ക് നീളാൻ സാധ്യതയുണ്ടെന്നും അന്താരാഷ്ട്ര വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
എട്ട് ദിവസം നീണ്ട ദൗത്യത്തിനായി ജൂണ്‍ അഞ്ചിനാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം വിക്ഷേപിച്ചത്. എന്നാല്‍ പേടകത്തിനുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും കാരണം സുനിതയ്ക്കും വില്‍മോറിനും കൂടുതല്‍ ദിവസം ബഹിരാകാശ നിലയത്തില്‍ കഴിയേണ്ടി വന്നു. ആഴ്ച്ചകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ സഞ്ചാരികളില്ലാതെ സ്റ്റാര്‍ലൈനര്‍ തിരികെ ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ബഹിരാകാശ നിലയത്തിലെ അപ്രതീക്ഷിതമായ തങ്ങല്‍ സുനിത വില്യംസിന്‍റെ ആരോഗ്യസ്ഥിതി വഷളാക്കിയതായി പുറത്തുവന്ന ചിത്രങ്ങളില്‍നിന്നും വ്യക്തമായിരുന്നു. എന്നാല്‍ സുനിതയുടെ ആരോഗ്യത്തില്‍ ആശങ്ക വേണ്ടെന്നും മതിയായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും നാസ വിശദീകരിച്ചിരുന്നു. ബഹിരാകാശ നിലയത്തിലെ ശാസ്ത്രപരീക്ഷണങ്ങളിലും ദൈനംദിന പ്രവർത്തനങ്ങളിലും സുനിത പങ്കെടുക്കുന്നുണ്ട്. ഇതിനിടെ ക്രിസ്മസ് തൊപ്പി ധരിച്ച് ഇരുവരും നിൽക്കുന്ന ചിത്രവും വൈറലായിരുന്നു.
സഞ്ചാരികളെ 2025 ഫെബ്രുവരിയില്‍ സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണ്‍ കാപ്സ്യൂളില്‍ തിരികെ എത്തിക്കാനാണ് നേരത്തെ നാസ തീരുമാനിച്ചത്. ഇതേ തുടര്‍ന്ന് സെപ്റ്റംബര്‍ ആറിന് സഞ്ചാരികളില്ലാതെ സ്റ്റാര്‍ലൈനര്‍ പേടകം ഭൂമിയിലിറക്കിയിരുന്നു. എന്നാല്‍, പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ക്രൂ 9 ഉദ്യമം ഉപേക്ഷിച്ചിരിക്കുകയാണ്. പകരമായി ഒരുക്കിയിട്ടുള്ള ക്രൂ 10 മാര്‍ച്ച് മാസത്തിന് മുമ്പ് വിക്ഷേപിക്കാന്‍ സാധിക്കില്ലെന്നുമാണ് നാസ അറിയിച്ചിരിക്കുന്നത്. ബഹിരാകാശ പേടകത്തിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ വേണ്ട സമയം പരിഗണിച്ചാണ് മാര്‍ച്ചിലേക്ക് നീക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.