മണിക്കൂറിൽ 234 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിച്ച് ‘യാഗി’; ചൈനയിൽ രണ്ട് മരണം
text_fieldsബെയ്ജിങ്: ഈ വർഷത്തെ ഏഷ്യയിലെ ഏറ്റവും ശക്തമായ ഉഷ്ണമേഖലാ കൊടുങ്കാറ്റായ ‘യാഗി’ ചൈനയിലെ ഹൈനാനിൽ ആഞ്ഞടിച്ചു. അക്രമാസക്തമായ കാറ്റിനൊപ്പം കനത്ത മഴയും ചേർന്നുണ്ടായ അപകടത്തിൽ രണ്ട് പേരെങ്കിലും കൊല്ലപ്പെടുകയും 92 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ തെക്കു ഭാഗത്തുള്ള പത്തു ലക്ഷത്തോളം ആളുകളെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു. ടൂറിസ്റ്റ് ദ്വീപായ പ്രവിശ്യയെ കാറ്റ് അക്ഷരാർഥത്തിൽ സ്തംഭിപ്പിച്ചു.
അറ്റ്‌ലാന്‍റിക് ചുഴലിക്കാറ്റായ ബെറിലിനു ശേഷം ഈ വർഷം ലോകത്തിലെ ഏറ്റവും ശക്തമായ രണ്ടാമത്തെ ഉഷ്ണമേഖലാ ചുഴലിക്കാറ്റായി യാഗി മാറി. പ്രഭവ കേന്ദ്രത്തിന് സമീപം മണിക്കൂറിൽ 234 കിലോമീറ്റർ വേഗതയിലാണ് യാഗി വീശിയത്. ഈ ആഴ്ച ആദ്യം വടക്കൻ ഫിലിപ്പീൻസിൽ 16 പേരുടെ മരണത്തിനിടയാക്കി വീശിയതിനുശേഷം ഇരട്ടി ശക്തിയാർജ്ജിച്ച് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഹൈനാനിലെ വെൻചാങ് നഗരത്തിലേക്ക് നീങ്ങി ആക്രമണം നടത്തി.
യാഗിയുടെ വരവോടെ ഹൈനാൻ പ്രവിശ്യയിലെ 8,30,000 വീടുകളിൽ വൈദ്യുതി മുടങ്ങിയെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ‘സിൻഹുവ’ പറഞ്ഞു. പ്രവിശ്യയിലെ വൈദ്യുതി വിതരണ വകുപ്പ് 7,000 അംഗ എമർജൻസി ടീമിനെ രൂപീകരിച്ചതായും അവർ ഉടൻ അറ്റകുറ്റപ്പണികൾ ആരംഭിക്കുമെന്നും സിൻഹുവ കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച രാത്രിയോടെ തന്നെ 2,60,000 വീടുകളിൽ വൈദ്യുതി പുനഃസ്ഥാപിച്ചു.
ദ്വീപിലെ പ്രധാന വിമാനത്താവളം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി വരെ അടച്ചിട്ടു. യാഗിയുടെ വരവിന് മുന്നോടിയായി ബീച്ചുകളും പഞ്ചനക്ഷത്ര ഹോട്ടലുകളും അടക്കുകയും ദ്വീപ് ഫ്ലൈറ്റുകളും ബോട്ടുകളും റദ്ദാക്കുകയും കച്ചവട സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു. ആളുകൾക്ക് ഒഴിയാനുള്ള മുന്നറിയിപ്പും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.