മരണക്കളമായി സൂപ്പർനോവ ഫെസ്റ്റിവൽ;കൊല്ലപ്പെട്ടത് 260 പേർ
text_fieldsതെൽഅവീവ്: ഇസ്രായേലിലെ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ 260ലേറെ പേർ സംഗീതനിശക്കെത്തിയവർ. ഗസ്സ അതിർത്തിയിൽനിന്ന് മൂന്നു കിലോമീറ്റർ മാറി നെഗേവ് മരുഭൂമിയിലെ കിബ്ബുസ് റീമിൽ വെള്ളിയാഴ്ച രാത്രി നടന്ന പരിപാടിക്കെത്തിയവരാണ് കൊല്ലപ്പെട്ടത്. ഒരാഴ്ച നീണ്ട സുക്കോത്ത് ആഘോഷങ്ങൾക്ക് അവസാനംകുറിച്ചായിരുന്നു സൂപ്പർനോവ സംഗീതനിശ സംഘടിപ്പിച്ചത്. പങ്കെടുത്തവരിൽ ഏറെയും ചെറുപ്പക്കാരായിരുന്നു.
ശനിയാഴ്ച പുലർച്ചെയാണ് ഹമാസ് സംഘം പാരാഗ്ലൈഡറുകളിലും നിരവധി വാഹനങ്ങളിലുമായി എത്തി തുരുതുരാ വെടിവെപ്പ് നടത്തിയത്. അപ്പോഴും സംഗീതപരിപാടി തുടരുന്നതിനാൽ ആക്രമണം തിരിച്ചറിയാൻ വൈകി. റോക്കറ്റുകൾ എത്തുന്നതിന്റെ മുന്നറിയിപ്പ് മുഴങ്ങിയപ്പോഴേക്ക് വെടിവെപ്പ് ശക്തിയാർജിച്ചിരുന്നു. വാഹനങ്ങൾ മരുഭൂമിയിൽ ഉപേക്ഷിച്ച് പരിപാടിക്കെത്തിയവരിൽ ഏറെയും രക്ഷപ്പെട്ടു. ഇവർ ഓടിരക്ഷപ്പെടുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആക്രമികൾ എത്തിയത് സൈനിക യൂനിഫോമിലായിരുന്നുവെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. ഇവിടെനിന്ന് നിരവധി പേരെ ബന്ദികളാക്കിയതായും റിപ്പോർട്ടുകളുണ്ട്. 260 പേർ ഇവിടെ കൊല്ലപ്പെട്ടതായും നിരവധി പേരെ കാണാതായതായും ഇസ്രായേൽ അറിയിച്ചു.
യൂറോപ്യൻ രാജ്യങ്ങൾ പൗരന്മാരെ തിരിച്ചെത്തിച്ചുതുടങ്ങി
ജറൂസലം: ഹമാസ് ആക്രമണത്തെ തുടർന്ന് ഇസ്രായേലിൽ കുടുങ്ങിയ പൗരന്മാരെ തിരിച്ചെത്തിക്കുന്ന നടപടി വേഗത്തിലാക്കി യൂറോപ്യൻ രാജ്യങ്ങൾ. പതിവു സർവിസുകൾക്ക് പുറമെ അധിക സർവിസുകൾ നടത്തിയാണ് തിരിച്ചെത്തിക്കുന്നത്. തങ്ങളുടെ 600 പൗരന്മാരെ രണ്ടു വിമാനങ്ങളിലായി തിരികെയെത്തിച്ചതായി റുമേനിയ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേലിൽ കുടുങ്ങിയ ബൾഗേറിയക്കാരെ മടക്കിക്കൊണ്ടുവരാൻ പ്രത്യേക വിമാനം അയച്ചതായി ബൾഗേറിയൻ സർക്കാർ അറിയിച്ചു. ഹംഗറി, സ്ലൊവാക്യ, ഗ്രീസ്, സ്പെയിൻ രാജ്യങ്ങളും ഒഴിപ്പിക്കൽ തുടരുകയാണ്.
പുതിയ ആയുധമെന്ന് അൽ ഖസ്സാം
ഗസ്സ: തങ്ങൾ വികസിപ്പിച്ചതെന്ന് അവകാശപ്പെട്ട്, അൽ ഖസ്സാം ബ്രിഗേഡ് പുതിയ ആയുധം അവതരിപ്പിച്ചു. തോളിൽവെച്ച് പ്രയോഗിക്കാവുന്ന വിമാനവേധ ഉപകരണമാണിതെന്നും പുതിയ ഏറ്റുമുട്ടലിൽ ഇത് ഉപയോഗിക്കുന്നുണ്ടെന്നും സംഘടന അവകാശപ്പെട്ടു. ഈ ആയുധമുപയോഗിച്ച് ആകാശത്തെ ലക്ഷ്യം നശിപ്പിക്കുന്ന വിഡിയോയും സംഘം പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.