ലോകത്തിന് വിശക്കുന്നു; 69 കോടി ജനം ഉറങ്ങുന്നത് ഭക്ഷണം കഴിക്കാനില്ലാതെ -ഡബ്ല്യു.എഫ്.പി
text_fieldsകോവിഡ് മഹാമാരിയും കാലാവസ്ഥാമാറ്റവും സംഘര്‍ഷങ്ങളും ഭക്ഷ്യവിലയില്‍ വര്‍ധനവുണ്ടാക്കിയതിന്റെ ഫലമായി ആഗോള പട്ടിണിയില്‍ 40 ശതമാനത്തിന്റെ വര്‍ധനവുണ്ടായെന്ന് ഐക്യരാഷ്ട്രസഭക്ക് കീഴിലെ വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യു.എഫ്.പി). ലോകമാകമാനം 27 കോടി ജനങ്ങള്‍ രൂക്ഷമായ ഭക്ഷ്യ അരക്ഷിതാവസ്ഥയിലാണെന്നാണ് കണക്ക്.
ഭക്ഷ്യവിലവര്‍ധനവിന്റെ ഉദാഹരണമായി ലബനനിലെയും സിറിയയിലെയും സാഹചര്യങ്ങള്‍ ഡബ്ല്യു.എഫ്.പിയുടെ മുഖ്യ സാമ്പത്തിക വിദഗ്ധന്‍ ആരിഫ് ഹുസൈന്‍ ചൂണ്ടിക്കാട്ടുന്നു. ലബനനില്‍ ഗോതമ്പു പൊടിയുടെ വിലയില്‍ 219 ശതമാനത്തിന്റെ വര്‍ധനവാണ് വര്‍ഷത്തിനിടെയുണ്ടായത്. സിറിയയില്‍ പാചകവാതക വില 440 ശതമാനം വര്‍ധിച്ചു.
അന്താരാഷ്ട്ര വ്യാപാരം നടക്കുന്ന വിപണികളില്‍ ഭക്ഷ്യവസ്തുക്കളുടെ വില കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 33.9 ശതമാനം ഉയര്‍ന്നു. ധാന്യങ്ങള്‍, എണ്ണക്കുരുക്കള്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, മാംസം, പഞ്ചസാര എന്നിവയുടെയെല്ലാം വില ഉയര്‍ന്നു.
ലോക പട്ടിണിയില്‍ നിരവധി പതിറ്റാണ്ടുകളായി പുരോഗതിയാണുണ്ടായിരുന്നത്. എന്നാല്‍, 2016ന് ശേഷം പട്ടിണി വര്‍ധിച്ചു വരുന്നതായാണ് കാണുന്നത്. 69 കോടി ജനങ്ങള്‍, അതായത് ലോക ജനസംഖ്യയുടെ ഒമ്പത് ശതമാനം, ഭക്ഷണം കഴിക്കാനില്ലാതെയാണ് ഉറങ്ങുന്നതെന്ന് ഡബ്ല്യു.എഫ്.പി വ്യക്തമാക്കി.
ഈ വര്‍ഷം 13.9 കോടി ജനങ്ങള്‍ക്ക് സഹായമെത്തിക്കാനാണ് സംഘടനയുടെ പദ്ധതി. ഡബ്ല്യു.എഫ്.പിയുടെ ഏറ്റവും വലിയ പദ്ധതിയാണിത്. പട്ടിണി തുടച്ചുമാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഡബ്ല്യു.എഫ്.പിക്ക് ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.